ചെന്നെ: ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ടെസ്റ്റ് പരമ്പര 4-0ന് സ്വന്തമാക്കിയ ടീം ഇന്ത്യ പിന്നിട്ടത് ഒരുപിടി നാഴികക്കല്ലുകള്‍ കൂടിയാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പരമ്പര ജയത്തിനൊപ്പമാണ് കൊഹ്‌ലിപ്പട ഇന്നെത്തിയത്. 2013ല്‍ ധോണിയുടെ നേതൃത്വത്തിലറങ്ങിയ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ 4-0ന് പരമ്പര നേടിയിരുന്നു.

ഒരു ടെസ്റ്റ് പരമ്പരയില്‍ മുന്നൂറിലധികം റണ്‍സും 25ലേറെ വിക്കറ്റും നേടുന്ന ആദ്യ താരമെന്ന ബഹുമതി ആര്‍ അശ്വിന്‍ സ്വന്തമാക്കി. അഞ്ച് ടെസ്റ്റില്‍ നിന്നായി 43 റണ്‍സ് ശരാശരിയില്‍ 306 റണ്‍സടിച്ച അശ്വിന്‍ 28 വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്സില്‍ 477 റണ്‍സടിച്ചിട്ടും ഒരു ടീം ഇന്നിംഗ്സ് പരാജയം ഏറ്റുവാങ്ങുന്നത് ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമാണ്. 2001ലെ ആഷസില്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 432 റണ്‍സടിച്ചിട്ടും ഓസ്ട്രേലിയയോട് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്.

ടെസ്റ്റില്‍ രവാന്ദ്ര ജഡേജ ആദ്യമായാണ് 10 വിക്കറ്റ് നേടുന്നത്. 10 വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയ ജഡേജ നാലു ക്യാച്ചുകളും കൈപ്പിടിയിലൊതുക്കി ടെസ്റ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി.

തുടര്‍ച്ചയായ രണ്ടു ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സടിച്ചിട്ടും തോല്‍ക്കുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേട് ഇംഗ്ലണ്ടിന് സ്വന്തമായി.

ഈ പരമ്പരയില്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിനെ രവീന്ദ്ര ജഡേജ പുറത്താക്കിയത് ആറു തവണ. ജഡേജയ്ക്കെതിരെ കുക്കിന്റെ ശരാശരി കേവലം 12.50 റണ്‍സ്.

ഈ വര്‍ഷം ഇംഗ്ലണ്ട് തോല്‍ക്കുന്ന എട്ടാം ടെസ്റ്റാണിത്. കുക്കിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് തോല്‍ക്കുന്ന 22-ാം ടെസ്റ്റും. ഏറ്റവും കൂടുതല്‍ തോല്‍വികള്‍ സ്വന്തം പേരിലുള്ള ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോര്‍ഡും ഇതോടെ കുക്കിന്റെ പേരിലായി.

ഈ വര്‍ഷം ഇന്ത്യ നേടുന്ന ഒമ്പതാം ടെസ്റ്റ് വിജയമാണ് ചെപ്പോക്കിലേത്. ഇന്നത്തെ ജയത്തോടെ പരാജയമറിയാതെ ഇന്ത്യ 18 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷം ടെസ്റ്റില്‍ പരാജയമറിയാത്ത ടീമെന്ന ഖ്യാതിയും ഇന്നത്തെ ജയത്തോടെ ഇന്ത്യയ്ക്ക് സ്വന്തമായി.