ദുബായ്: ഗ്രൗണ്ടില്‍ മോശമായി പെരുമാറുന്ന കളിക്കാരെ പുറത്താക്കാന്‍ അംപയര്‍മാര്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ ക്രിക്കറ്റ് നിയമം പരിഷ്കരിക്കുന്നു. റണ്‍ ഔട്ട് നിയമത്തിലും മാറ്റം വരുത്തും. ഇവയടക്കമുള്ള നിര്‍ദേശങ്ങളടങ്ങുന്ന ശുപാര്‍ശ എം സി സി ക്രിക്കറ്റ് സമിതി ഐസിസിക്ക് സമര്‍പ്പിച്ചു. കളിക്കളത്തില്‍ മോശമായി പെരുമാറുന്നരെ പുറത്താക്കുന്ന ചുവപ്പ് കാര്‍ഡ് ഫുട്ബോളിലും മറ്റും ഉണ്ടെങ്കിലും ക്രിക്കറ്റില്‍ കളിക്കാരെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല.

കളിക്കാരുടെ പെരുമാറ്റം മാന്യമായിരിക്കുമെന്ന് ഉറപ്പാക്കാനായാണ് നിയമം പരിഷ്കരിക്കുന്നത്. അച്ചടക്കലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് മുന്നറിയിപ്പ് , എതിര്‍ടീമിന് 5 റണ്‍സ് പെനാല്‍റ്റി, പുറത്താക്കല്‍ എന്നീ ശിക്ഷകള്‍ നല്‍കാന്‍ അമ്പയര്‍ക്ക് അധികാരം നല്‍കണമെന്നാണ് എംസിസിയുടെ ശുപാര്‍ശ. റണ്‍ ഔട്ട് നിയമത്തിലും മാറ്റമുണ്ടാകും.ക്രീസിനുള്ളില്‍ തൊട്ട ശേഷം ബാറ്റ് അന്തരീക്ഷത്തിലായിരിക്കുമ്പോഴാണ് ബെയ്ല്‍ തെറിക്കുന്നതെങ്കില്‍ ഔട്ടാവില്ല.

നിലവിലെ നിയമമനുസരിച്ച് ബാറ്റ് ക്രീസില്‍ തൊട്ടശേഷമാണ് ബെയ്ല്‍ തെറിക്കുന്നതെങ്കിലും അപ്പോള്‍ ബാറ്റ് അന്തരീക്ഷത്തിലാണെങ്കില്‍ ബാറ്റ്സമാന്‍ ഔട്ടാകും. ബാറ്റ് വലിപ്പം സംബന്ധിച്ച് കൃത്യമായ നിബന്ധനയും എംസിസി മുന്നോട്ട് വക്കുന്നുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പില്‍ വരുത്താനാണ് എംസിസിയുടെ ശുപാര്‍ശ. ക്രിക്കറ്റ് നിയമങ്ങള്‍ സംബന്ധിച്ച മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ ശുപാര്‍ശകള്‍ പൊതുവെ ഐസിസി അംഗീകരിക്കാറാണ് പതിവ്.