ഇന്ത്യന്‍ ടീമിന് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന്‍റെ അഭിനന്ദനം. ആറ് വിക്കറ്റ് വീഴ്‌ത്തിയ ചാഹലിനെയും വിജയശില്‍പിയായ ധോണിയെയും പ്രത്യേകം പരാമര്‍ശിച്ചാണ് പന്തിന്‍റെ ട്വീറ്റ്.

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ചരിത്രത്തിലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന്‍റെ അഭിനന്ദനം. ആറ് വിക്കറ്റ് വീഴ്‌ത്തിയ ചാഹലിനെയും വിജയശില്‍പിയായ ധോണിയെയും പ്രത്യേകം പരാമര്‍ശിച്ചാണ് പന്തിന്‍റെ ട്വീറ്റെത്തിയത്. ധോണിയെ യഥാര്‍ത്ഥ ഇതിഹാസം എന്നാണ് പന്ത് വിശേഷിപ്പിച്ചത്.

ടീമിന് ആവശ്യമുള്ള ഘട്ടത്തില്‍ ധോണി താരമായതായി പന്ത് പറയുന്നു. മെല്‍ബണില്‍ പുറത്താകാതെ 87 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്. കേദാര്‍ ജാദവ്(61), കോലി(46) എന്നിവരുടെ ബാറ്റിംഗും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ഇന്ത്യ 49.2 ഓവറില്‍ വിജയലക്ഷ്യമായ 231 റണ്‍സ് നേടി. നേരത്തെ 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ചാഹലാണ് ഓസ്‌ട്രേലിയയെ 230ല്‍ ഒതുക്കിയത്.

Scroll to load tweet…

മൂന്ന് ഏകദിനങ്ങളിലും അര്‍ദ്ധ സെഞ്ചുറി നേടിയ ധോണിയാണ് പരമ്പരയിലെ താരം. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പുറത്താവാതെ നിന്ന ധോണി 193 റണ്‍സ് അടിച്ചെടുത്തു.