ലോകകപ്പ് ചരിത്രത്തിലെ ആ വണ്ടര്‍ ഹെഡര്‍ ഗോളിനുടമ വിരമിക്കുന്നു. 18 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് നെതര്‍ലന്‍ഡ് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പേര്‍സി ഈ സീസണിനൊടുവില്‍ ബൂട്ടഴിക്കുക. ഡച്ച് പടയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ്...
ആംസ്‌റ്റര്‍ഡാം: ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങി മുന്‍ ആഴ്‌സണല്‍- മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- നെതര്‍ലന്‍ഡ് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പേര്‍സി. 18 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് 35കാരനായ താരം ഈ സീസണിനൊടുവില്‍ ബൂട്ടഴിക്കുക. നെതര്‍ലന്‍ഡിനായി 102 മത്സരങ്ങളില്‍ നിന്ന് 50 ഗോളകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്. ഡച്ച് പടയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് വാന്‍ പേര്‍സി.

പതിനേഴാം വയസില്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച ഫെയ്‌നൂര്‍ദിലാണ് വാന്‍ പേര്‍സി ഇപ്പോള്‍ കളിക്കുന്നത്. 2004ല്‍ ആഴ്‌സണലിലെത്തിയ താരം 194 മത്സരങ്ങളില്‍ നിന്ന് 96 ഗോളുകള്‍ നേടി. എട്ട് സീസണുകള്‍ക്കൊടുവില്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ വാന്‍ പേര്‍സി 86 മത്സരങ്ങളില്‍ 48 തവണ വലകുലുക്കി. തുര്‍ക്കി ക്ലബ് ഫെനെര്‍ബാഷേയില്‍ 2015ല്‍ എത്തിയ ഡച്ച് താരം 57 മത്സരങ്ങളില്‍ 25 ഗോളും നേടി. ഫെയ്‌നൂര്‍ദില്‍ ഇതിനകം 16 മത്സരങ്ങളില്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്.
ആഴ്‌സണലിനൊപ്പം എഫ്‌എ കപ്പും യുണൈറ്റഡ് കുപ്പായത്തില്‍ പ്രീമിയര്‍ ലീഗും സ്വന്തമാക്കിയിട്ടുണ്ട്. സ്‌പെയിനെതിരെ 2014 ലോകകപ്പില്‍ വാന്‍ പേര്‍സി നേടിയ പറക്കും ഹെഡര്‍ ഫിഫ പുസ്‌കാസ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 2006, 2010, 2014 ലോകകപ്പുകളില്‍ ഓറഞ്ച് കുപ്പായത്തില്‍ വാന്‍ പേര്‍സി പന്തുതട്ടി. സൂപ്പര്‍താരത്തിന്‍റെ വിരമിക്കലോടെ ഓറഞ്ചുപടയുടെ എക്കാലത്തെയും ആക്രമകാരികളായ വാന്‍ പേര്‍സി- റോബന്‍- സ്‌നൈഡര്‍ മൂവര്‍ സഖ്യമാണ് കളം വിടുന്നത്. മറ്റ് രണ്ടുപേരും നേരത്തെ വിരമിച്ചിരുന്നു.
സ്‌പെയിനെതിരെ 2014ല്‍ ലോകകപ്പില്‍ വാന്‍ പേര്‍സി നേടിയ പറക്കും ഹെഡര്‍ കാണാം...

