മുൻ ലോക ഒന്നാം നമ്പര്‍ താരം സ്വിസ്റ്റര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ ഫെഡറര്‍, ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ പത്തൊമ്പതാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയിലെത്തിയത്. സ്‌കോര്‍- 7-6(7/1), 6-3, 6-4. ആദ്യ സെറ്റിൽ മാത്രമാണ് ഫെഡറര്‍ അൽപ്പമെങ്കിലും വെല്ലുവിളി നേരിട്ടത്. എന്നാൽ 4-5ന് പിന്നിലായിരുന്ന ഫെഡറര്‍ അവിശ്വസനീയമാംവിധം തിരിച്ചെത്തി ടൈ ബ്രേക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ തകര്‍പ്പൻ പ്രകടനം പുറത്തെടുത്ത ഫെഡറര്‍ക്കുമുന്നിൽ ബെര്‍ഡിക്ക് തികച്ചും നിഷ്‌പ്രഭനായിപ്പോകുകയായിരുന്നു. മൂന്നാം സെറ്റിൽ തിരിച്ചുവരാൻ ചെക്ക് താരം ശ്രമിച്ചെങ്കിലും, ഫെഡററുടെ പ്രൊഫഷണലിസത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സെമിയിൽ ദക്ഷിണകൊറിയൻ താരം ഹിയോൻ ചുങ്ങാണ് ഫെഡററുടെ എതിരാളി.