കേപ്‌ടൗണ്‍: മഴവില്‍ രാഷ്ട്രത്തില്‍ ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കിയപ്പോള്‍ സ്ഥിരം നായകന്‍ വിരാട് കോലിക്ക് പകരം ഓപ്പണര്‍ രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യയെ നയിച്ചത്‍. അവസാന നിമിഷം കോലിക്ക് പകരം നായകനായെത്തിയ രോഹിതിന്‍റെ കീഴില്‍ ഇന്ത്യ ഏഴ് റണ്‍സിന് വിജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 

കേപ്‌ടൗണ്‍ ടി20യില്‍ വിജയിച്ചതോടെ ഇന്ത്യയ്ക്കൊപ്പം രോഹിത് ശര്‍മ്മയും ചരിത്രത്തിലേക്ക് നടന്നുകയറി. ടി20യില്‍ നായകനെന്ന നിലയില്‍ ആദ്യ നാല് മത്സരങ്ങളും വിജയിച്ച ആറാം താരമാണ് രോഹിത് ശര്‍മ്മ. മിസ്ബാഹ് ഉള്‍ ഹഖ്, കുമാര്‍ സംഗക്കാര, ഷാഹിദ് അഫ്രിദി, ലസിത് മലിംഗ, സര്‍ഫ്രാസ് എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഇതോടെ ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ നായകനാകാനും രോഹിതിനായി.