രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരമെന്ന നേട്ടത്തിലെത്തും ഇന്ത്യയുടെ ഹിറ്റ്മാ‌ന്‍. ക്രിസ് ഗെയ്‌ലിനും മാര്‍ട്ടിന്‍ ഗപ്റ്റിലും പിന്നിലാകും. 

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരമെന്ന നേട്ടത്തിലെത്തും ഇന്ത്യയുടെ ഹിറ്റ്മാ‌ന്‍. 103 സിക്‌സുകള്‍ വീതമുള്ള വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിനും ന്യൂസീലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനും പിന്നില്‍ 102 എണ്ണവുമായി രണ്ടാം സ്ഥാനത്താണ് രോഹിതിപ്പോള്‍.

അന്താരാഷ്ട്ര ടി20യില്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമാണ് 100ലേറെ സിക്‌സുകള്‍ നേടിയിട്ടുള്ളത്. യുവ്‌രാജ് സിംഗ്(74) മാത്രമാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍. നിലവിലെ ഫോമില്‍ രോഹിതിന് ഈ നേട്ടം അടിച്ചെടുക്കുക പ്രയാസമല്ല. കഴിഞ്ഞ പരമ്പരയില്‍ കിവീസിനെതിരെ 50, 38 എന്നിങ്ങനെയായിരുന്നു ഹിറ്റ്‌മാന്‍റെ സ്‌കോര്‍. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാണ് രോഹിത്. കരിയറില്‍ 93 ടി20 മത്സരങ്ങളില്‍ നിന്ന് 32.76 ശരാശരിയില്‍ 2,326 റണ്‍സ് രോഹിതിന്‍റെ പേരിലുണ്ട്. 

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ ടി20 ഫെബ്രുവരി 24ന് വിശാഖപട്ടണത്തും രണ്ടാം മത്സരം 27ന് ബെംഗളൂരുവിലും നടക്കും. മാര്‍ച്ച് രണ്ടിന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടും.