കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടത്തില്‍ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ കാഴ്ച്ചവെച്ചത്. ഹിറ്റ്മാന്‍ എന്ന വിശേഷണത്തിന് നാണക്കേടുണ്ടാക്കി ഒരു സെഞ്ചുറി മാത്രമാണ് പരമ്പരയില്‍ രോഹിതിനുള്ളത്. വിദേശ പിച്ചുകളില്‍ കാലിടറുന്ന ബാറ്റ്സ്മാനെന്ന അപഖ്യാതി മാറ്റാന്‍ ദക്ഷിണാഫ്രിക്കയിലും രോഹിതിനായില്ല. 

അതേസമയം ദക്ഷിണാഫ്രിക്കയില്‍ രോഹിതിനെ കാത്തിരുന്നത് നാണക്കേടിന്‍റെ ഒരുപിടി റെക്കോര്‍ഡുകളാണ്. നാല് വര്‍ഷത്തിനിടയില്‍ ആദ്യമായി തുടര്‍ച്ചയായ അഞ്ച് ഏകദിനങ്ങളില്‍ അമ്പതിലധികം സ്കോര്‍ ചെയ്യാതെ രോഹിത് പുറത്തായി. പരമ്പരയ്ക്കിടെ ദക്ഷിണാഫ്രിക്കയില്‍ മുന്‍നിര ഇന്ത്യന്‍ ബാറ്റ്സ്മാന്‍റെ കുറഞ്ഞ ബാറ്റിംഗ് ശരാശരിയും രോഹിതിന്‍റെ പേരിലായി. 

തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങളില്‍ റബാഡയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് രോഹിത് ആ നാണക്കേടും സ്വന്തമാക്കിയിരുന്നു. പിന്നാലെ ടി20യില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഡലായ്ക്ക് വിക്കറ്റ് നല്‍കി. ടെസ്റ്റില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 19.50 ശരാശരിയില്‍ 78 റണ്‍സ് മാത്രമാണ് രോഹിത് അടിച്ചെടുത്തത്. ഉയര്‍ന്ന സ്കോര്‍ 47. ഏകദിനത്തിലാവട്ടെ ആറ് മത്സരങ്ങളില്‍ 28.33 ശരാശരിയില്‍ നേടാനായത് 170 റണ്‍സ് മാത്രം. 

അഞ്ചാം ഏകദിനത്തില്‍ സെഞ്ചുറി നേടിയപ്പോള്‍ 20, 15, 0, 5, 15 എന്നിങ്ങനെയായിരുന്നു മറ്റ് മത്സരങ്ങളിലെ സ്കോര്‍. ടെസ്റ്റ്-ഏകദിന പരമ്പരകളിലെ പരാജയം ടി20യിലും രോഹിത് ശര്‍മ്മ ആവര്‍ത്തിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടാനായത് 32 റണ്‍സ്. 21, 0, 11 എന്നിങ്ങനെയായിരുന്നു സ്കോര്‍. അങ്ങനെ പരമ്പരയില്‍ ഹിറ്റ്മാന് ആകെ നേടാനായത് 280 റണ്‍സ് മാത്രം.