മറുപടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂര്‍ 8.1 ഓവറില്‍ 92 റണ്‍സ് നേടി ലക്ഷ്യം മറികടന്നു.

ബെംഗളൂരു: ഐപിഎല്‍ നിര്‍ണായക മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വന്‍ തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 10 വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. ഇതോടെ അശ്വിനും സംഘവും പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. 

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി പഞാബിനെ ബാറ്റിങ്ങിനയച്ചു. 15.1 ഓവറില്‍ 88 റണ്‍സ് നേടാന്‍ മാത്രമാണ് അവര്‍ക്ക് സാധിച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂര്‍ 8.1 ഓവറില്‍ 92 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. ഓപ്പണര്‍മാരായ വിരാട് കോലി (28 പന്തില്‍ 48) പാര്‍ഥിവ് പട്ടേല്‍ (22 പന്തില്‍ 40) പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 88ന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ തളച്ചത്. കിങ്‌സ് ഇലവന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ 21 റണ്‍സെടുത്തും ക്രിസ് ഗെയ്ല്‍ 18 റണ്‍സെടുത്തും പുറത്തായി. പിന്നാലെയെത്തിയവരില്‍ ഫിഞ്ചൊഴികെ ആരും പഞ്ചാബിനായി പൊരുതിയില്ല. കരുണ്‍(1), സ്റ്റേയിണിസ്(2), അര്‍വാള്‍(2), അക്ഷാര്‍(9) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. അശ്വിനും ടൈയും റണ്ണൊന്നുമെടുക്കാതെ പുറത്തായി. വാലറ്റത്ത് മോഹിത്(3), രജ്പൂത്(1) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ബാംഗ്ലൂരിനായി സിറാജ്, ചഹല്‍, മൊയിന്‍ അലി, ഗ്രാന്റ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.