മുംബൈ: വാതുവയ്പ് കേസിലേക്ക് വിരല്‍ ചൂണ്ടിയ ടൗവല്‍ വിവാദത്തിന് വിശദീകരണവുമായി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ അലന്‍ ഡൊണാള്‍ഡിനോടുള്ള ഇഷ്ടം കൊണ്ടാണ് കളിക്കിടയില്‍ ടൗവല്‍ പുറത്തു കാണുന്ന രീതിയില്‍ ധരിച്ചതെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. വിസ്ഡന്‍ ഇന്ത്യയോടാണ് താരം മനസു തുറന്നത്.

അന്ന് അരയില്‍ ടൗവര്‍ തിരുകി കളിച്ചത് വാതുവെപ്പിനുള്ള സൂചനയായിരുന്നില്ല. ക്രിക്കറ്റില്‍ എന്റെ മാതൃകാ പുരുഷനായ അലണ്‍ ഡൊണാള്‍ഡിനോടുള്ള ആരാധനമൂലമായിരുന്നു. അങ്ങനെ മുമ്പും ഞാന്‍ കളിക്കാനിറങ്ങിയിട്ടുണ്ട്. ഡൊണാള്‍ഡിനെപ്പോല മുഖത്ത് നിറയെ സിങ്ക് ഓക്സൈഡ് തേച്ചാണ് ഞാന്‍ ഇറങ്ങാറുള്ളത്. അതും ഒത്തുകളിക്ക് വേണ്ടിയായിരുന്നുവെന്ന് അവര്‍ പറയുമോ-ശ്രീശാന്ത് ചോദിച്ചു. അന്ധവിശ്വാസിയാവുന്നത് ക്രിമിനല്‍ കുറ്റമാണോ, കരിയറിലെ മോശം കാലത്ത് ഇത്തരം ചില വിശ്വാസങ്ങള്‍ എനിക്കുണ്ടായിരുന്നു. വിവാദമായ ആ ഓവര്‍ എറിയുന്നതിന് മുമ്പ് അമ്പയര്‍ കുമാര്‍ ധര്‍മസേനയോട് ടൗവല്‍ അരയില്‍ തിരുകിവെക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചിരുന്നു. കുഴപ്പമില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ഇതെല്ലാം സ്റ്റംപ്സ് മൈക്രോ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ്. ടൗവല്‍ തിരുകി ബൗള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഡൊണാള്‍ഡാണെന്ന് എനിക്ക് തോന്നുമായിരുന്നു-ശ്രീ പറഞ്ഞു.

2013ലെ ഐപിഎല്‍ മല്‍സരത്തിനിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീശാന്ത് അരയില്‍ തിരുകിയ ടൗവല്‍ വാതുവയ്പിന്‍റെ തെളിവായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിലെ പ്രതിയായ വാതുവയ്പ് ഇടനിലക്കാരനും ശ്രീശാന്തിന്റെ സുഹൃത്തമായിരുന്ന ജിനു ജനാര്‍ദനുള്ള സൂചനയായിരുന്നു  ടൗവല്‍ എന്നായിരുന്നു ആരോപണം. തുടര്‍ന്ന് 2013ല്‍ ബിസിസിഐ മല്‍സര ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.

കോടതി താരത്തെ കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് ബിസിസിഐ നീക്കിയില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ശ്രീശാന്തിന് കളിക്കാനുള്ള അനുമതി കോടതി നല്‍കിയിരുന്നു. വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രീശാന്തിന്‍റെ പ്രതികരണം.