തിരുവനന്തപുരം: സച്ചിന്‍ നാളെ തിരുവനന്തപുരത്ത്. ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ സച്ചിന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണിലെ നിരാശ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മറക്കാം. സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപ പങ്കാളികളുമായി കൈ കോര്‍ത്ത്, കേരളത്തിന്റെ കൊമ്പന്മാര്‍ക്ക് പുതിയ തലയെടുപ്പ് നൽകാനൊരുങ്ങുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

നാളെ തിരുവനന്തപുരത്തെത്തുന്ന സച്ചിന്‍ ടെന്‍ഡുൽക്കര്‍ ഉച്ചക്ക് 12 മണിക്ക് നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു.തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ചിര‍ഞ്ജീവി,നാഗാര്‍ജുന പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദ് എന്നിവര്‍ക്കും ബ്ലാസ്റ്റേഴ്സിൽ ഓഹരികളുണ്ടാകുമെന്നാണ് സൂചന. പുതിയ നിക്ഷേപകരുമായി ഇന്ന് തിരുപ്പതിയിൽ കൂടിക്കാഴ്ച നടത്തിയ സച്ചിന്‍ നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തിയേക്കും.

നിലവിൽ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പിന് 80ഉം സച്ചിന് 20 ഉം ശതമാനം ഓഹരികളാണ് കൈവശമുള്ളത്. വാര്‍ത്താസമ്മേളനത്തിന് ശേഷം. സച്ചിന്‍ മുംബൈക്ക് മടങ്ങുമെന്നാണ് സൂചന.ഐഎസ്എല്ലിന്റെ ആദ്യസീസണിൽ തന്നെ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വര്‍ഷം ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു