ബാഗംലൂരു: ഗെയിലും, കോഹ്ലിയും ആദ്യം അടിച്ച് കയറിയിട്ടും ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആര്‍സിബി തോല്‍ക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ നേതൃത്വം നല്‍കിയ ഹൈദരാബാദ് ബൗളിംഗ് പട അത്ര അച്ചടക്കത്തോടെയാണ് ആര്‍സിബി മദ്ധ്യനിരയെ അടക്കിനിര്‍ത്തിയത്.

അവസാന ഓവറുകളില്‍ സ്റ്റുവര്‍ട്ട് ബിന്നിയും സച്ചിന്‍ ബേബിയുടെ ഹൃദയം കൊണ്ട് ബാറ്റേന്തിയെങ്കിലും ഭുവനേശ്വറിനും മുസ്താഫിസുറിനും മുന്നില്‍ വിജയം അകന്ന് നിന്നു. ഹൃദയഭേദകമായിരുന്നു പിന്നീടുള്ള കാഴ്ച. സച്ചിന്‍ ബേബിയുടെ കരച്ചില്‍.

അവസാന രണ്ട് പന്തില്‍ 14 റണ്‍സായിരുന്നു ബാഗ്ലൂരിന് ജയിക്കാനായി വേണ്ടിയിരുന്നത്. പന്തെറിയുന്നത് ഐപിഎല്ലില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഭുവനേശ്വര്‍. അഞ്ചാമത്തെ പന്തില്‍ സച്ചിന്‍ ബേബിയ്ക്ക് എടുക്കാനായത് കേവലം ഒരു റണ്‍സ്. 

തോല്‍വി ഉറപ്പായതോടെ മിഴികള്‍ നിറച്ചായിരുന്നു സച്ചിന്‍ ബേബിയുടെ ഓട്ടം. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എത്തിയപ്പോഴേക്കും മിഴികള്‍ നിറഞ്ഞൊഴുകി. മത്സരത്തില്‍ 18 റണ്‍സെടുത്ത താരം പുറത്താകാതെ നിന്നു.

എന്നാല്‍ മത്സരത്തില്‍ തോറ്റശേഷവും ബാഗ്ലൂരിനെയും കൈവിടാന്‍ സച്ചിന്‍ ബേബിയെയും ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു ആരാധകര്‍. ആ കരച്ചില്‍ ഹൃദയഭേദകമാണെന്ന് പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.