2007 ക്രിക്കറ്റ് ലോകകപ്പ് എന്നും ഇന്ത്യ മറക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ആദ്യറൗണ്ടില്‍ തന്നെ ബംഗ്ലദേശിനോടും, ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ അന്ന് വെസ്റ്റന്‍റീസില്‍ നിന്നും മടങ്ങിയത്. രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ കിരീട പ്രതീക്ഷയുമായാണ് കരീബിയന്‍ നാട്ടിലേക്ക് ഇന്ത്യ വിമാനം കയറിയത്. എന്നാല്‍ തീര്‍ത്തും നിരാശ നല്‍കിയ പ്രകടനമായിരുന്നു അത്.

എന്താണ് ആ തോല്‍വിയുടെ കാരണം, അത് വ്യക്തമാക്കുകയാണ് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. സച്ചിന്‍റെ ജീവിതം പറയുന്ന സച്ചിന്‍ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിലാണ് സച്ചിന്‍റെ വെളിപ്പെടുത്തല്‍. അന്നത്തെ ഇന്ത്യന്‍ കോച്ച് ഗ്രേഗ് ചാപ്പലാണ് പരാജയത്തിന്‍റെ മുഖ്യകാരണക്കാരന്‍ എന്നാണ് സച്ചിന്‍ സിനിമയില്‍ പറയുന്നത്. 

മറ്റ് ടീമുകള്‍ ക്രിക്കറ്റ് ലോകക്കപ്പിനായി ആറുമാസം മുന്‍പ് തന്നെ അവരുടെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു, എന്നാല്‍ നമ്മള്‍ നിരന്തരം അപ്പോഴും പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ടീമിന്‍റെ ബാറ്റിംഗ് ഘടന തന്നെ പലപ്പോഴായി മാറ്റി. വിന്‍ഡീസിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് തന്നെ ഞാന്‍ ബിസിസിഐയിലെ മുതിര്‍ന്ന അംഗത്തോട് ടീമിലെ അവസ്ഥ സൂചിപ്പിച്ചിരുന്നു, കാര്യങ്ങള്‍ ശുഭകരമല്ലെന്ന് അന്നു തന്നെ വ്യക്തമാക്കിയിരുന്നു. ഗ്രേഗ് ചാപ്പല്‍ പലപ്പോഴും ഒരു സ്കൂള്‍ ഹെഡ് മാസ്റ്ററേപ്പോലെയായിരുന്നു പ്രവര്‍ത്തിച്ചത്.

വെള്ളിയാഴ്ചയാണ് സച്ചിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചലച്ചിത്രം തിയറ്ററുകളില്‍ എത്തിയത്, മികച്ച പ്രതികരണം സൃഷ്ടിക്കുന്ന ചിത്രത്തിന്‍റെ റിവ്യൂ ഇവിടെ വായിക്കാം

സിനിമയിലും സച്ചിന്‍ സെഞ്ച്വറി അടിച്ചോ?- റിവ്യൂ