മുംബൈ: ഇന്ത്യക്കാര്‍ ബഹുമാനം നല്‍കുന്ന രണ്ട് പ്രതിഭകളാണ് അമിതാഭ് ബച്ചനും സച്ചിനും. എന്നാല്‍ ഒരിക്കല്‍ ബച്ചന് മുന്നില്‍ ചൂളിപ്പോയ സംഭവത്തെക്കുറിച്ച് സച്ചിന്‍ പറയുന്നു. മകന്‍ അര്‍ജ്ജുന്റെ കുസൃതിയായിരുന്നു കാരണം. അര്‍ജ്ജുന് ഒന്നര വയസ്സ് മാത്രം പ്രായമുള്ള സമയം. ബച്ചനും സച്ചിനും ഒരു പരസ്യത്തിന്‍റെ ഷൂട്ടിങിലായിരുന്നു. 

സെറ്റില്‍ അര്‍ജുനും ഉണ്ടായിരുന്നു. ഇടവേളയില്‍ സച്ചിന്‍റെ മടിയില്‍ കയറിയിരുന്ന് ഓറഞ്ച് കഴിക്കുകയായിരുന്നു കുഞ്ഞു അര്‍ജുന്‍. കഴച്ചു തീര്‍ന്നതോടെ സച്ചിന്‍ പോലും പ്രതീക്ഷിക്കാതെ സമീപത്തിരുന്ന ബച്ചന്‍റെ കുര്‍ത്തയില്‍ കൈ തുടച്ചു. താനേറെ ബഹുമാനിക്കുന്ന ബച്ചന്‍ സാറിന്‍റെ മുന്നില്‍ ചൂളിപ്പോയ സമയമായിരുന്നു അതെന്ന് സച്ചിന്‍ പറയുന്നു. 

അമിതാഭ് ബച്ചനെ സിനിമാ താരമെന്നതില്‍ കവിഞ്ഞ് ഏറെ സവിശേഷതകളുള്ള മനുഷ്യനെന്ന നിലയിലാണ് സച്ചിന്‍ ആരാധിക്കുന്നത്. ജോലിയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത പാഷന്‍ പറഞ്ഞറിയിക്കാനാവില്ല. ഉത്സാഹവാനായിട്ടെ അദ്ദേഹത്തെയെന്നും കാണാനാവൂ. ബച്ചന്‍ എന്ന വ്യക്തി എപ്പോഴും സന്തോഷവാനാണ്.

എല്ലാ റോളും തനിക്കു കഴിയുന്നതിന്‍റെ മികച്ച റിസല്‍ട്ട് കൊണ്ടു വരാന്‍ അങ്ങേയറ്റം ശ്രമിക്കുന്നത് കാണാം. ഈ എഴുപത്തിയഞ്ചാം വയസ്സിലും അദ്ദേഹത്തിന് ഏറെ നല്‍കാനാകുന്നു. കഴിഞ്ഞ ദിവസം ബച്ചന്റെ പിറന്നാള്‍ ദിനത്തിലും ട്വിറ്ററിലൂടെ സച്ചിന്‍ ആശംസകള്‍ അറിയിച്ചു.