വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലും റിഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്ന് സൂചിപ്പിച്ച് രവി ശാസ്ത്രി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷമാണ് ശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓസീസ് പര്യടനത്തിന് മുന്നോടിയായി വൃദ്ധിമാന്‍ സാഹ മടങ്ങിവരുമ്പോള്‍ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കുമെന്ന സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് മുന്‍കാല പ്രകടനങ്ങളല്ല, നിലവിലെ ഫോം മാത്രമാണ് സെലക്ഷന് മാനദണ്ഡമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.
ഹൈദരാബാദ്: വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിലും റിഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്ന് സൂചിപ്പിച്ച് രവി ശാസ്ത്രി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷമാണ് ശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓസീസ് പര്യടനത്തിന് മുന്നോടിയായി വൃദ്ധിമാന്‍ സാഹ മടങ്ങിവരുമ്പോള്‍ വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കുമെന്ന സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തിന് മുന്‍കാല പ്രകടനങ്ങളല്ല, നിലവിലെ ഫോം മാത്രമാണ് സെലക്ഷന് മാനദണ്ഡമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.
എം എസ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം , ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ഏറ്റവും തിളങ്ങിയത് വൃദ്ധിമാന്‍ സാഹയായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ പിഴവ് കാരണം പരിക്ക് ഗുരുതരമായി സാഹ പുറത്തുപോകുമ്പോള്‍, തിരിച്ചുവരവിലും ടീമിൽ ഇടമുണ്ടാകുമെന്ന ഉറപ്പാണ് ഇന്ത്യന്‍ മാനേജ്മെന്‍റ് നൽകിയത്.
എന്നാല്‍ ഇംഗ്ലണ്ടിലും നാട്ടില്‍ വിന്‍ഡീസിനെതിരെയും റിഷഭ് പന്ത് ബാറ്റിംഗില്‍ തിളങ്ങിയതോടെ സാഹയെ കൈവിടുമെന്ന സൂചന നൽകുകയാണ് രവി ശാസ്ത്രി. വിക്കറ്റ് കീപ്പിംഗില്‍ സാഹതന്നെയാണ് മികച്ച കളിക്കാരനെങ്കിലും ബാറ്റിംഗില്‍ പന്തിന്റെ അക്രമണോത്സുകത ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഓസ്ട്രേലിയയിലേക്ക് രണ്ട് വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മാത്രമെ സാഹയ്ക്ക് അവസരമുണ്ടാകാനിടയുള്ളു.
ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി ഒഴിച്ചാല്‍ കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരയിലും പരാജയപ്പെട്ട ഓപ്പണര്‍ ലോകേഷ് രാഹുലും ഓസ്ട്രേലിയന്‍ പര്യടനത്തിനുണ്ടാകുമെന്ന സൂചനയും രവി ശാസ്ത്രി നല്‍കി. രാഹുല്‍ ലോകോത്തര നിലവാരമുള്ള ബാറ്റ്സ്മാനാണെന്നും ഫോമിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തുമെന്നും ശാസ്ത്രി പറഞ്ഞു. അരങ്ങേറ്റത്തില്‍ തിളങ്ങിയ കൗമാരതാരം പൃഥ്വി ഷായ്ക്ക് ഓസ്ട്രേലിയയിൽ മികവ് തുടരാനാകുമെന്നും ഇന്ത്യന്‍ മുഖ്യപരിശീലകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു
