ലണ്ടന്‍: വിംബിള്‍ഡണില്‍ വമ്പന്‍ അട്ടിമറി. കലണ്ടര്‍ സ്ലാം ലക്ഷ്യമിട്ടിറങ്ങിയ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ സാം ക്വറേയ അട്ടിമറിച്ചു. മൂന്നാം വിംബിള്‍ഡണ്‍ ലക്ഷ്യമിട്ടിറങ്ങിയ ജോക്കോവിച്ചിനിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ക്വറേയയുടെ വിജയം. സ്കോര്‍: 7-6(8-6) 6-1 3-6 7-6(7-5).
2009ലെ ഫ്രഞ്ച് ഓപ്പണിനുശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. 2015ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ തോല്‍വിക്കുശേഷം ഒരു പ്രധാന ടൂര്‍ണനമെന്റില്‍ ജോക്കോവിച്ച് തോല്‍ക്കുന്നതും ഇതാദ്യമായാണ്. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ ജോക്കോവിച്ചിനായിരുന്നു.
പലതവണ മഴ തടസപ്പെടുത്തിയതിനാല്‍ കളിയില്‍ സ്വാഭാവിക താളം കണ്ടെത്തുന്നതില്‍ ജോക്കോവിച്ചിനായില്ല. വെള്ളിയാഴ്ച തുടങ്ങിയ മത്സരമാണ് ഇന്ന് പൂര്‍ത്തിയായത്. വെള്ളിയാഴ്ച ക്വറേയ ആദ്യ രണ്ട് സെറ്റഅ നേടി മുന്നിട്ടു നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. എന്നാല്‍ ശനിയാഴ്ച മത്സരം പുനരാരംഭിച്ചപ്പോള്‍ മൂന്നാം സെറ്റ് നേടി ജോക്കോവിച്ച് തിരിച്ചുവരവിന്റെ സൂചന നല്‍കി.
നാലാം സെറ്റില്‍ ബ്രേക്ക് പോയന്റ് നേടി നിര്‍ണായക മുന്‍തൂക്കം നേടിയെങ്കിലും ജോക്കോവിച്ചിനെയും ബ്രേക്ക് ചെയ്ത് ക്വറേയ ശക്തമായി തിരിച്ചടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ക്വറേയ നാലാം സെറ്റും മത്സരവും സ്വന്തമാക്കി. തോല്‍വിയോടെ 1969ല്‍ ലോര്‍ഡ് ലെവറിനുശേഷം കലണ്ടര്‍ സ്ലാം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ജോക്കോവിച്ചിന് നഷ്ടമായത്. ഗ്രാന്‍ സ്ലാമുകളില്‍ തുടര്‍ച്ചയായ 30 ജയങ്ങള്‍ക്കുശേഷമാണ് ജോക്കോ തോല്‍വി വഴങ്ങിയത്. 2009ല്‍ ആന്‍ഡി റോഡിക് പരാജയപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ താരം ജോക്കോവിച്ചിനെ ഗ്രാന്‍ സ്ലാം ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തുന്നത്.
