ഹൈദരാബാദ്: പരിക്ക് മൂലം 2017 ഒക്ടോബര്‍ മുതല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ. രണ്ട് മാസം കൂടി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് സാനിയ ഫെബ്രുവരി ആദ്യ വാരം അറിയിച്ചിരുന്നു. വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് 31കാരിയായ സാനിയയെ മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. 

അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ കളിച്ചിരുന്നില്ല. ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസാണ് ഇനി സാനിയക്ക് മുന്നിലുള്ള സാധ്യത. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി കോര്‍ട്ടിലേക്ക് അവസ്മരണീയ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ താരം. 

മാസങ്ങള്‍ക്കുള്ളില്‍ കോര്‍ട്ടില്‍ തിരിച്ചെത്താനാകുമെന്നും മെഡല്‍ പ്രതീക്ഷിക്കുന്നതായും സാനിയ പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ മികച്ച റെക്കോര്‍ഡുള്ള സാനിയ മീറ്റിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. 2014ലെ ദക്ഷിണ കൊറിയന്‍ ഏഷ്യന്‍ ഗെയിംസില്‍ മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണവും ഡബിള്‍സില്‍ വെങ്കലും സാനിയ നേടിയിരുന്നു.