പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യ കൂടിയായ സാനിയക്കെതിരെ വിവാദ പരാമര്‍ശവുമായി രാജാ സിംഗ് രംഗത്തെത്തിയത്.

ഹൈദരാബാദ്: പാക്കിസ്ഥാന്റെ മരുമകളായ ടെന്നീസ് താരം സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ ഏക ബിജെപി എംഎല്‍എ ആയ ടി രാജാ സിംഗ്. പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള സമയമാണിതെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് അയച്ച വീഡിയോ സന്ദേശത്തില്‍ രാജാ സിംഗ് പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിന്റെ ഭാര്യ കൂടിയായ സാനിയക്കെതിരെ വിവാദ പരാമര്‍ശവുമായി രാജാ സിംഗ് രംഗത്തെത്തിയത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജന്മ‍ദിനാഘോഷങ്ങള്‍ മാറ്റിവെച്ച മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ രാജാ സിംഗ് ഇതേ ആവേശം സാനിയയെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിലും കാണിക്കണമെന്നും ആവശ്യപ്പെട്ടു.

പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ കൈയെടുക്കുമ്പോള്‍ പാക്കിസ്ഥാന്റെ മരുമകളായ സാനിയ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി തുടരുന്നത് ശരിയല്ലെന്നും രാജാ സിംഗ് പറഞ്ഞു. സംസ്ഥാനത്തു നിന്നു വിവിഎസ് ലക്ഷ്മണ്‍, സൈന നെഹ്‌വാള്‍, പി സിന്ധു തുടങ്ങിയ കായിക താരങ്ങളുള്ളപ്പോള്‍ എന്തിനാണ് സാനിയെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്നും രാജാ സിംഗ് ചോദിച്ചു.

2010 ഏപ്രിലിലാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കിനെ സാനിയ വിവാഹം കഴിച്ചത്. സാനിയ-ഷൊയൈബ് ദമ്പതികള്‍ക്ക് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്.