ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോലിയെയും രോഹിത് ശർമയെയും താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയേയും രോഹിത് ശര്‍മയെയും താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. കഴിഞ്ഞ മാസം ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പിന്നാലെ ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചു. ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് കളിക്കാനിറങ്ങും.

ഇതിനിടെയാണ് ഇരുവരേയും കുറിച്ച് മുന്‍ ഇന്ത്യന്‍ താരം സംസാരിച്ചത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇരുവരെയും താരതമ്യപെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോലിയുടെ ഓവര്‍സീസ് റെക്കൊഡ് മികച്ചതാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

മഞ്ജരേക്കറുടെ വാക്കുകള്‍... ''ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത്തിന്റേയും കോലിയുടേയും അഭാവം സമ്മര്‍ദ്ദത്തിനിടയാക്കുമെന്ന് അടുത്തിടെ ഗില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യമാണ് എനിക്ക് പറയാനുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആളുകള്‍ രോഹിത്തിനെയും വിരാടിനെയും താരതമ്യം ചെയ്യുന്നതാണ് എന്നെ അലട്ടുന്നത്. നമ്മള്‍ അവരെ ഒരുമിച്ച് രോ- കോ എന്ന വരെ വിളിക്കുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അതില്‍ തെറ്റൊന്നുമില്ല. ഇരുവര്‍ക്കും ഏകദേശം സാമ്യമുള്ള കണക്കുകളാണുള്ളത്. പക്ഷേ, റെഡ് ബോളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഈ ഫോര്‍മാറ്റില്‍ അവരെ ഓരേ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല.'' മഞ്ജരേക്കര്‍ പറഞ്ഞു.

സെനാ രാജ്യങ്ങളില്‍ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ) വിരാടിന് 12 സെഞ്ചുറികളുണ്ടെന്നും എന്നാല്‍ 100 ഇന്നിങ്സോളം ഈ രാജ്യങ്ങളില്‍ കളിച്ച രോഹിത്തിന് വെറും ഒരെണ്ണം മാത്രമെ ഉള്ളുവെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player