ബെംഗളുരു: സന്തോഷ് ട്രോഫി ദക്ഷിണമേഖല ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി കേരള ടീം ബെംഗളുരുവിലെത്തി. ഈ മാസം പതിനെട്ടിന് ആന്ധ്രയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. കേരളം, ആന്ധ്ര, തമിഴ്നാട്, ആന്‍ഡമാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് കേരളം. ഗ്രൂപ്പ് ജേതാക്കളായി ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയാണ് ലക്ഷ്യമെന്ന് കേരള ടീം നായകന്‍ രാഹുല്‍ വി രാജ് പറഞ്ഞു. 

13 പുതുമുഖങ്ങളക്കം 20 അംഗ സംഘമാണ് ദക്ഷിണമേഖല ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി ബെംഗളുരുവിലെത്തിയത്. ഇക്കുറി മികച്ച സാധ്യതയാണ് ടീമിനുള്ളതെന്നും സജിത് പൗലോസ്, അഫ്സല്‍ എന്നിവരടങ്ങുന്ന മുന്നേറ്റനിര ശക്തമാണെന്നും ടീം നായകന്‍ രാഹുല്‍ വി രാജും കോച്ച് സതീവനും പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെമിയില്‍ കേരളം പരാജയപ്പെട്ടിരുന്നു. 2004ലായിരുന്നു കേരളം സന്തോഷ് ട്രോഫി അവസാനമായി നേടിയത്. 

എസ്.ബി.ഐ കേരളയില്‍ നിന്ന് അ‌ഞ്ച് പേരും കേരള പോലീസിലെ രണ്ട് പേരും ടീമിലിടം നേടിയിട്ടുണ്ട്. അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിയ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അ‌ഞ്ച് താരങ്ങള്‍ക്കും ടീമിലിടം നല്‍കി. മുന്‍ വര്‍ഷം ടീമംഗങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ എ.സി കോച്ചുകള്‍ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ സാധാരണ റിസര്‍വേഷന്‍ മാത്രമാണ് നല്‍കിയത്.