ബംഗലൂരു: അണ്ടര്‍ 19 ലോകകപ്പ് നടക്കുന്ന സമയത്തുതന്നെ ഐപിഎല്‍ താരലേലവും നടന്നത് ഇന്ത്യയുടെ കൗമാരതാരങ്ങള്‍ക്ക് ശരിക്കും ലോട്ടറിയായിരുന്നു. താരലേലം എല്ലാവര്‍ഷവും ഉണ്ടാവുമെന്നും ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റില്‍ അപൂര്‍വമായി മാത്രമെ കളിക്കാന്‍ അവസരം ലഭിക്കൂവെന്നും കോച്ച് രാഹുല്‍ ദ്രാവിഡ് കൗമാര താരങ്ങളെ ഉപദേശിച്ചിരുന്നുവെങ്കിലും പലരും ലേലം ശ്രദ്ധാപൂര്‍വം വീക്ഷിച്ചുവെന്ന് ഉറപ്പ്. തന്റെ പേരില്‍ വാശിയേറിയ ലേലം നടന്നപ്പോള്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ കുളിമുറിയില്‍ കയറി കതകടച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത സ്വന്തമാക്കിയ കമലേഷ് നാഗര്‍കോട്ടി. 3.2 കോടി രൂപക്കാണ് കൗമാര ലോകകപ്പില്‍ അതിവേഗം കൊണ്ട് വാര്‍ത്ത സൃഷ്ടിച്ച നാഗര്‍കോട്ടിയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ആ സമയത്ത് ഞാനൽപ്പം മാനസികമായി തളർന്നിരിക്കുകയായിരുന്നു. അതിനാൽ തന്നെ ടിവിയൊന്നും നോക്കിയിരുന്നില്ല. ടീമംഗങ്ങൾ എന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചു. ഞാൻ എടുത്തില്ല. എന്റെ മുറിയിലുണ്ടായിരുന്ന പങ്കജ് യാദവ് ടിവി ഓൺ ചെയ്തപ്പോൾ ഞാൻ കുളിമുറിയിലേക്ക് പോയി, ലോകകപ്പിനായി ന്യൂസിലന്‍ഡിലുളള താരം വെളിപ്പെടുത്തി. ലേലത്തിന് തൊട്ട് മുൻപ് ബിഗ് ബാഷ് ലീഗിൽ ക്രിസ് ലിൻ ബാറ്റ് ചെയ്യുന്നതാണ് ഞാൻ കണ്ടത്. നിമിഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന് നെറ്റ്സിൽ ബോൾ എറിയാനുളള അവസരം ആണ് എനിക്ക് കിട്ടുന്നത്. വളരെയേറെ സന്തോഷം തോന്നുന്നു- കമലേഷ് നാഗർകോട്ടി പ്രതികരിച്ചു.
അണ്ടർ 19 ലോകകപ്പിനുളള ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കുന്തമുനയാണ് കമലേഷ് നാഗർകോട്ടി. 146 കിലോമീറ്റർ വേഗത്തില്‍വരെ പന്തെഞ്ഞ നാഗർകോട്ടിയുടെ ശരാശരി വേഗത 145 ആണ്. തുടർച്ചയായി യോർക്കറുകൾ എറിയാനുളള കഴിവാണ് താരത്തെ ശ്രദ്ധേയനാക്കിയത്.
