ഓവല്‍: ഐപിഎല്ലില്‍ ഡല്‍ഹി ഡെയർ ഡെവിള്‍സിലെത്തിയ മാക്‌സ്‌വെല്ലിന്‍റെ ബാറ്റിംഗ് വെടിക്കെട്ടില്‍ ഇംഗ്ലണ്ടിനെതിരെ ത്രിരാഷ്ട്ര ടി20 ടൂർണമെന്‍റില്‍ ഓസീസിന് തകർപ്പന്‍ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. രണ്ടാം ടി20 സെഞ്ചുറിയും 10 റണ്‍സിന് മൂന്ന് വിക്കറ്റുകളും നേടിയ മാക്‌സ്‌വെല്ലാണ് കളിയിലെ താരം.
രണ്ട് വിക്കറ്റിന് നാല് റണ്‍സ് എന്ന നിലയില്‍ തകർന്ന ഓസീസിനെ 58 പന്തില്‍ 103 റണ്‍സെടുത്ത മാക്സി വിജയത്തിലെത്തിക്കുകയായിരുന്നു. 10 ഫോറും നാല് സിക്സും സഹിതമാണ് മാക്‌സ്‌വെല്‍ സെഞ്ചുറിയിലെത്തിയത്. ഓസ്ടേലിയയ്ക്കായി ആർസി ഷോർട്ട് 30 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും മാർക് വുഡും ആദില്‍ റാഷിദും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ ആയുള്ളൂ. അർദ്ധ സെഞ്ചുറി നേടിയ ഡേവിഡ് മലാനാണ്(50) ടോപ് സ്കോറർ. അലക്സ് ഹെയില്‍സ്, നായകന്‍ ഇയാന്‍ മോർഗന്‍ എന്നിവർ 22 റണ്‍സ് വീതമെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്‍ മൂന്നും അഷ്ടണ്‍ അഗർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. റിച്ചാർഡ്സണ്‍, ടൈ, സ്റ്റാന്‍ലകെ, സ്റ്റേയിണിസ് എന്നിവർ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
