2007ലെ ട്വന്‍റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പുമാണ് ഏറ്റവും മികച്ച നിമിഷങ്ങളെന്ന് സെവാഗ് പറഞ്ഞപ്പോള്‍ 2009 ട്വന്‍റി 20 ലോകകപ്പിനെ കുറിച്ചാണ് അഫ്രീദി സംസാരിച്ചത്

മുംബെെ: എതിരിട്ട ബൗളര്‍മാര്‍ക്കെല്ലാം ദുസ്വപ്നമായി മാറിയ താരമാണ് വീരേന്ദര്‍ സെവാഗ് എന്ന ഇന്ത്യന്‍ ഓപ്പണര്‍. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ട്വന്‍റി 20യിലായാലും സൊവഗിന്‍റെ ബാറ്റില്‍ നിന്ന് ബൗണ്ടറിയിലേക്ക് പന്തുകള്‍ ഇടവിടാതെ ഒഴുകി. എന്നാല്‍, ഇതേ വീരുവിനെ വിറപ്പിച്ച ഒരു ബൗളറുണ്ടാകുമോ. അങ്ങനെ ഒരാളുണ്ടെന്ന് തന്നെയാണ് സെവാഗ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

അത് മറ്റാരുമല്ല, വേഗം കൊണ്ട് ലോക ക്രിക്കറ്റിലെ ഇടിമിന്നലായി മാറിയ പാക്കിസ്ഥാന്‍റെ ഷൊയൈബ് അക്തറാണ് സെവാഗിനെ ഭയപ്പെടുത്തിയ ആ ബൗളര്‍. അക്തര്‍ എറിയുന്ന ഏത് പന്താണ് തന്‍റെ കാലില്‍ കൊള്ളുക, ഏത് പന്താണ് തല തകര്‍ക്കുക എന്ന് അറിയാന്‍ സാധിക്കില്ലായിരുന്നു. അക്തറിന്‍റെ ഒരുപാട് ബൗണ്‍സറുകള്‍ തന്‍റെ തലയില്‍ കൊണ്ടിട്ടുമുണ്ട്.

അക്തറിനെ തനിക്ക് ഭയമായിരുന്നെങ്കിലും അദ്ദേഹം എറിയുന്ന പന്തുകള്‍ അടിച്ചകറ്റുന്നത് രസകരമായിരുന്നുവെന്നും സെവാഗ് ഓര്‍മിക്കുന്നു. അതേസമയം, തനിക്ക് സെവാഗിനെതിരെ ബൗള്‍ ചെയ്യുന്നത് ഒരിക്കലും ഇഷ്ടമല്ലായിരുന്നുവെന്ന് പാക്കിസ്ഥാന്‍ താരം ഷഹീദ് അഫ്രീദിയും വെളിപ്പെടുത്തി. എന്നാല്‍, തന്‍റെ കരിയറില്‍ ആരെയും നേരിടുന്നതിന് ഭയപ്പെട്ടിരുന്നില്ല.

രണ്ട് താരങ്ങളും തങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിലെ പല അവിസ്മരണീയ സംഭവങ്ങളും യുസി ബ്രൗസറിന് വേണ്ടിയുള്ള വീഡിയോ ചാറ്റിന്‍റെ ഭാഗമായി പങ്കുവെച്ചു. 2007ലെ ട്വന്‍റി 20 ലോകകപ്പും 2011 ഏകദിന ലോകകപ്പുമാണ് ഏറ്റവും മികച്ച നിമിഷങ്ങളെന്ന് സെവാഗ് പറഞ്ഞപ്പോള്‍ 2009 ട്വന്‍റി 20 ലോകകപ്പിനെ കുറിച്ചാണ് അഫ്രീദി സംസാരിച്ചത്. 2007ല്‍ ‍ഞങ്ങള്‍ യുവനിരയായിരുന്നു.

ആരും അത്രയും മികച്ച കളി ഞങ്ങള്‍ പുറത്തെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതും ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് സ്വന്തമാക്കുമെന്ന് കരുതിയിരുന്നുമില്ല. ഒരു ആതിഥേയ രാജ്യവും 2011 വരെ ലോകകപ്പ് സ്വന്തമാക്കിയിരുന്നില്ലെന്നും സെവാഗ് പറഞ്ഞു. ദുരിതത്തിലൂടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മുന്നോട്ട് പോകുമ്പോള്‍ മികച്ച ഓര്‍മകള്‍ ലഭിച്ചതാണ് 2009 ട്വന്‍റി 20 ലോകകപ്പെന്നു അഫ്രീദിയും പറഞ്ഞു.