സെന്‍റ് മോറിസ്: ഏത് ലോകോത്തര ബൗളറെയും നിര്‍ഭയത്തോടെ അതിര്‍ത്തി കടത്തിയിരുന്ന ബാറ്റ്സ്മാനാണ് വിരേന്ദര്‍ സെവാഗ്. ഐസിസി സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍റ് മോറിസില്‍ മഞ്ഞുപുതച്ച മൈതാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലും സെവാഗ് പതിവ് വെടിക്കെട്ട് തുടര്‍ന്നു. വിരമിച്ചെങ്കിലും പഴയ വീര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു വീരു.

ഓപ്പണറായി ഇറങ്ങിയ സേവാഗ് 31 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 62 റണ്‍സ് അടിച്ചെടുത്തു. വ്യക്തിഗത സ്കോര്‍ 48ല്‍ നില്‍ക്കേ സ്‌പിന്‍ ഇതിഹാസം ഡാനിയല്‍ വെട്ടോറിയെ കൂറ്റന്‍ സി‌ക്സറിന് പറത്തിയാണ് സെവാഗ് അര്‍ദ്ധ സെഞ്ചുറി തികച്ചത്. സെന്‍റ് മോറിസില്‍ റാവല്‍പിണ്ടി എക്‌സ്‌പ്രസ് ശുഐബ് അക്തര്‍ അടക്കമുള്ള ലോകോത്തര ബൗളര്‍മാരെല്ലാം രക്തമുറയ്ക്കുന്ന തണുപ്പില്‍ സെവാഗിന്‍റെ ബാറ്റിന്‍റെ ചൂട് നന്നായി അറിഞ്ഞു.