ദില്ലി: സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമെന്ന് കോലിയുടെ ആദ്യ കളിയില്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ പ്രവചിച്ചിരുന്നതാണ്. ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി പിന്നീടങ്ങോട്ട്. ഇപ്പോള്‍ ഫിറോസ്ഷാ കോട്‌ലയില്‍നിന്ന് വരുന്ന വാര്‍ത്തകളും കോലി തന്റെ റെക്കോര്‍ഡ് വേട്ട തുടരുന്നതിന്റേതുതന്നെയാണ്.
തുടര്‍ച്ചയായി രണ്ടാമതും ഇരട്ട സെഞ്ച്വറി നേടിയ കോലിയുടെ കരിയറിലെ ആറാം സെഞ്ച്വറിയാണ് ദില്ലിയില്‍ പിറന്നത്. ഇതോടെ നിരവധി പേരാണ് നായകന് ആശംസകളറിയിക്കുന്നത്. ഇതില്‍ വീരേന്ദ്ര സെവാഗ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററിയ്ക്കിടെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ
കോലി ഡബില്‍ അടിയ്ക്കുന്നത് തമാശയ്ക്ക് വേണ്ടിയാണ്. കഴിഞ്ഞ ആഴ്ച ഇരട്ട സെഞ്ച്വറി നേടിയ കോലി അതു കഴിഞ്ഞ് സഹീര്‍ ഖാന്റെ വിവാഹ സല്‍ക്കാരത്തിലെത്തി മതിമറന്ന് നൃത്തം ചെയ്തു. വീണ്ടും വന്ന് ഡബിള്‍ അടിച്ചു. തന്റെ സ്ഥിരം ശൈലിയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞായിരുന്നു സെവാഗിന്റെ വാക്കുകളെങ്കിലും കോലി ആരാധകരും ക്രിക്കറ്റ് പ്രേമികളും ഈ വാക്കുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഡബിള്‍ സെഞ്ച്വറി നേടിയതോടെ കോലി ബ്രെയന്‍ ലാറയുടെ റെക്കോര്‍ഡ് മറികടന്നു. നായക പദവിയിലിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്.
നായകനായ ശേഷം ആറാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് കോലി നേടുന്നത്. ലാറ ക്യാപ്റ്റനായിരുന്നപ്പോള്‍ അഞ്ച് ഡബിള്‍ സെഞ്ച്വറി നേടിയരുന്നു. സച്ചിന്‍, സെവാഗ് തുടങ്ങിയവരുടെ നേട്ടങ്ങള്‍ക്കെപ്പവും കോലിയെത്തി. ആറ് ഡബിള്‍ സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. നാല് ഡബിള്‍ സെഞ്ച്വറികളും രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുമാണ് സെഹവാഗ് നേടിയത്.
