ദിനേശ് കാര്‍ത്തിക്ക് വലംകൈയന്‍ ബാറ്റ്സ്മാനാണെന്നത് ഋഷഭ് പന്തിന് ലോകകപ്പ് ടീമില്‍ സാധ്യത കൂട്ടുന്നുണ്ട്. എന്നാല്‍ ഫിനിഷര്‍ എന്ന നിലയില്‍ മികവു കാട്ടുന്ന കാര്‍ത്തിക്കിനെ പൂര്‍ണമായും തള്ളാനും സെലക്ഷന്‍ കമ്മിറ്റി തയാറായിട്ടില്ല.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ ആരായിരിക്കും. ഋഷഭ് പന്തോ, ദിനേശ് കാര്‍ത്തിക്കോ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഓസീസിനെതിരെ തിളങ്ങിയാല്‍ പന്ത് ഇംഗ്ലണ്ടില്‍ ലോകകപ്പ് കളിക്കും. ഇല്ലെങ്കില്‍ പരിചയസമ്പന്നനായ കാര്‍ത്തിക്കിലേക്ക് സെലക്ഷന്‍ കമ്മിറ്റി മടങ്ങിപ്പോവും.

ഇടം കൈയന്‍ ബാറ്റ്സ്മാനായതിനാലാണ് ഋഷഭ് പന്തിനെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ക്രീസല്‍ ഇടംകൈ-വലംകൈ കോംബിനേഷന്‍ ഉറപ്പാക്കുക എന്നതുകൂടി ലക്ഷ്യമാണെന്ന് പ്രസാദ് പറഞ്ഞു. ദിനേശ് കാര്‍ത്തിക്ക് വലംകൈയന്‍ ബാറ്റ്സ്മാനാണെന്നത് ഋഷഭ് പന്തിന് ലോകകപ്പ് ടീമില്‍ സാധ്യത കൂട്ടുന്നുണ്ട്. എന്നാല്‍ ഫിനിഷര്‍ എന്ന നിലയില്‍ മികവു കാട്ടുന്ന കാര്‍ത്തിക്കിനെ പൂര്‍ണമായും തള്ളാനും സെലക്ഷന്‍ കമ്മിറ്റി തയാറായിട്ടില്ല.

ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങടങ്ങിയ ഏകദിന പരമ്പരയില്‍ തിളങ്ങിയാല്‍ ഋഷഭ് പന്തിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാം. ടെസ്റ്റില്‍ മികവ് കാട്ടുന്ന ഋഷഭ് പന്തിന് ഇതുവരെ ടി20, ഏകദിന ടീമുകളില്‍ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. ഇതുവരെ കളിച്ച മൂന്ന് ഏകദിനങ്ങളില്‍ നിന്നായി 41 റണ്‍സാണ് ഋഷഭ് പന്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്കോറാകട്ട 24 ഉം. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പര ഋഷഭ് പന്തിന് നിര്‍ണായകമാണ്.

പന്തിന്റെ ബാറ്റിംഗ് പൊസിഷനെച്ചൊല്ലിയും ടീമിനകത്ത് ആശയക്കുഴപ്പമുണ്ട്. രോഹിത്തും ധവാനും മികച്ച ഓപ്പണര്‍മാരാണ് എന്നതിനാല്‍ പന്തിനെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യിപ്പിക്കണമെന്ന മുന്‍ താരങ്ങളുടെ നിര്‍ദേശം എളുപ്പത്തില്‍ നടപ്പിലാക്കാനാവില്ല. നിലവിലെ ബാറ്റിംഗ് ലൈനപ്പില്‍ അദ്യ അഞ്ച് സ്ഥാനങ്ങള്‍ കഴിഞ്ഞു മാത്രമെ ഋഷഭ് പന്തിന് സാധ്യതയുള്ളു. ഈ സാഹചര്യത്തില്‍ ഫിനിഷര്‍ എന്ന നിലയില്‍ ഋഷഭ് പന്തിന്റെ മികവും ഓസ്ട്രേലിയക്കെതിരെ മാറ്റുരയ്ക്കപ്പെടുമെന്നുറപ്പ്. എങ്കിലും ഏകദിന ലോകകപ്പിനുള്ള അവസാന ടീമില്‍ കാര്‍ത്തിക്കിന് മേല്‍ ഋഷഭ് പന്തിന് ഇപ്പോഴും വ്യക്തമായ മുന്‍തൂക്കമുണ്ട്.