ആംസ്റ്റര്‍ഡാം: ഗോളിയെ കാഴ്ച്ചക്കാരനാക്കി ബാറിനുള്ളിലേക്ക് പറന്നിറങ്ങുന്ന കരിയില കിക്ക്. കളിയാസ്വാദകരെ ഭ്രമിപ്പിച്ച ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞോയുടെ വിഖ്യാത ഗോളിന് പുതിയ അവകാശി. എന്നാല്‍ ആഹ്ലാദത്തിന് പകരം ഗോള്‍ നേടിയ താരം നാണക്കേടുകൊണ്ട് നിലത്തുകിടന്ന് കരഞ്ഞു. ഡച്ച് ലീഗിലെ കരിയില കിക്കെന്ന് വിശേഷിപ്പിക്കുന്ന സെല്‍ഫ് ഗോളില്‍ തകര്‍ന്നത് ഫാങ്കറ്റി ഡാബോയുടെ മാന്തികക്കാലുകളാണ്.
ഡച്ച് ലീഗില്‍ വിറ്റസീ ക്ലബിന്‍റെ പ്രതിരോധ താരം ഫാങ്കറ്റി ഡാബോയുടെ പന്ത് തട്ടിയകറ്റാനുള്ള ശ്രമമാണ് ഫുട്ബോള്‍ ചരിത്രത്തിലെ അപൂര്‍വ്വ സെല്‍ഫ് ഗോളായി മാറിയത്. ബോക്സിന് പുറത്തുനിന്ന് ഡാബോ ഗോള്‍ കീപ്പർക്ക് പന്ത് മെനസ് പാസ് നല്‍കി. എന്നാല്‍ ശക്തമായ ഇടങ്കാലടി ഗോളി ജെറോണ്‍ ഹോവനെ നിഷ്ടപ്രഭനാക്കി വലയില്‍ താഴ്ന്നിറങ്ങി. അടിതെറ്റിയ പന്തിനൊപ്പം ഡാബോയും വീണപ്പോള്‍ സെല്‍ഫ് ഗോള്‍ ചരിത്രം മറ്റൊന്നായി.
