അവന് പന്ത് കൊടുത്തപ്പോഴൊക്കെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തല ഉയര്‍ത്തി തന്നെ അവന് പ്ലേയിംഗ് ഇലവനിലേക്ക് നടന്നുകയറാവുന്നതാണെന്നും അശ്വിന്‍.

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇടം കൈയന്‍ പേസര്‍ അർഷ്ദീപ് സിംഗിനെ തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിൻ. അര്‍ഷ്ദീപ് എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്ന കളിക്കാരനാണെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുള്‍പ്പെട്ടതിനാലാണ് ആദ്യ രണ്ട് ഏകദിനങ്ങളില്‍ അര്‍ഷ്ദീപിന് ഇന്ത്യൻ ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ഇന്ത്യ കളിച്ച 13 ടി20 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് അര്‍ഷ്ദീപിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചതെന്നതും വസ്തുതയാണ്. ഇതിന് പുറമെയാണ് ഏകദിന ടീമിലുള്‍പ്പെടുത്തിയിട്ടും പ്ലേയിംഗ് ഇലവനിൽ അവസരം നല്‍കാതിരുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അടുത്ത ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ പേസര്‍മാരെ തെരഞ്ഞെടുക്കാനുള്ളതുകൊണ്ടാണ് പ്രസിദ്ധ് കൃഷ്ണക്കും ഹര്‍ഷിത് റാണക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുന്നത് എന്നാണ് കരുതുന്നത്. അതിന് മുമ്പ് മത്സര പരിചയം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അത് മനസിലാക്കാം. പക്ഷെ അര്‍ഷ്ദീപിന്‍റെ കാര്യം ആരും ചിന്തിക്കുന്നില്ലെന്ന് അശ്വിന്‍ പറഞ്ഞു. അവന്‍റെ സ്ഥാനത്തുനിന്ന് എന്തുകൊണ്ടാണ് ആരും ചിന്തിക്കാത്തത്. അവന് കാര്യമായ അവസരങ്ങള്‍ ഇപ്പോള്‍ കിട്ടാറില്ല. അവസരം കിട്ടുമ്പോഴൊക്കെ മികവ് കാട്ടിയിട്ടും അവനിപ്പോഴും ടീമിലെ അവന്‍റെ സ്ഥാനത്തിനായി പൊരുതി കൊണ്ടിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ എപ്പോള്‍ അവസരം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. ഇതവന്‍റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നുറപ്പാണ്. ഇത് എല്ലായ്പ്പോഴും ബൗളര്‍മാര്‍ക്ക് മാത്രമാണ് സംഭവിക്കുന്നത് എന്നതാണ് കൗതുകകരം. ബാറ്റര്‍മാര്‍ക്ക് ഒരിക്കലും ഇങ്ങനെ സംഭവിക്കാറില്ല.

അതുകൊണ്ട് അവന്‍റെ മുന്‍കാല മികവ് കണക്കിലെടുത്തിട്ടെങ്കിലും ഇനിയുള്ള എല്ലാ മത്സരങ്ങളിലും അവനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണം. അര്‍ഷ്ദീപിന്‍റെ അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. അതുകൊണ്ടാണ് അവന് വേണ്ടി ഞാൻ ഇത്രയും വാദിക്കുന്നത്. അവന് പന്ത് കൊടുത്തപ്പോഴൊക്കെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തല ഉയര്‍ത്തി തന്നെ അവന് പ്ലേയിംഗ് ഇലവനിലേക്ക് നടന്നുകയറാവുന്നതാണെന്നും അശ്വിന്‍ പറഞ്ഞു. ഇപ്പോള്‍ ആളുകള്‍ പറയുന്നത് അവന്‍ മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്നാണ്. അതുകൊണ്ട് എന്ത് കാര്യമാണുള്ളത്. ആദ്യ രണ്ട് ഏകദിനത്തില്‍ പുറത്തിരുത്തി അവന്‍റെ ആത്മവിശ്വാസം നശിപ്പിച്ചശേഷം മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കുന്നത് കൊണ്ട് എന്ത് ഗുണമാണുണ്ടാകുകയെന്നും അശ്വിന്‍ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക