ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 206 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഷായ് ഹോപ്പ്(51), കെയ്ല്‍ ഹോപ്പ്(46), ജേസണ്‍ ഹോള്‍ഡര്‍(36) റൊമാന്‍ പവല്‍(31) എന്നിവരുടെ ഇന്നിംഗ്സുകളാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഹോപ്പും ലൂയിസും ചേര്‍ന്ന് 39 റണ്‍സടിച്ചു. ലൂയിസിനെ മടക്കി ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. കെയ്ല്‍ ഹോപ്പിനെയും റോസ്റ്റന്‍ ചേസിനെയും(0) അടുത്തടുത്ത് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും പവലും പൊരുതി നിന്നു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പവലാണ് വിന്‍ഡസിനെ 200 കടത്തിയത്. ഇന്ത്യക്കായി ഷാമി മുഹമ്മദ് 48 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് 53 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. പാണ്ഡ്യയും ജാദവും ഓരോ വിക്കറ്റ് വീഴ്‌ത്തി. നാലാം ഏകദിനം കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. റിഷഭ് പന്തിന് ഇത്തവണയും അവസരം ലഭിച്ചില്ല. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം.