ധര്‍മ്മശാല: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മൊഹമ്മദ് ഷമി കളിക്കാനുള്ള സാധ്യത ശക്തമായി. അവസാന ടെസ്റ്റിന്റെ വേദിയായ ധര്‍മ്മശാലയിലെത്തിയ ഷമി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഷമി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വിജയ് ഹസാരേ ട്രോഫി ഫൈനലില്‍ നാലു വിക്കറ്റെടുത്ത് ശാരീരിക ക്ഷമത തെളിയിച്ചതോടെയാണ് ഷമിയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. നവംബറില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി വിശ്രമത്തിലായിരുന്നു. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയുമാണ് ആദ്യ മൂന്നു ടെസ്റ്റിലും കളിച്ച ഇന്ത്യന്‍ പേസര്‍മാര്‍. എന്നാല്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. അതുകൊണ്ടുതന്നെ മൊഹമ്മദ് ഷമിയെ കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. വേഗം കുറഞ്ഞ പിച്ചുകളില്‍ മികച്ച രീതിയില്‍ പന്തെറിയുന്നത് ഷമിക്ക് അനുകൂലമാകാനാണ് സാധ്യത. ശനിയാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റ് തുടങ്ങുന്നത്.