മെല്‍ബണ്‍: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം റാങ്കുകാരനാണെങ്കിലും ഇന്ത്യയുടെ ആര്‍ അശ്വിന്‍ അല്ല നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറെന്ന് ഓസ്ട്രേലിയന്‍ ലെഗ്സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷായാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച സ്പിന്നറെന്ന് വോണ്‍ പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ യാസിര്‍ ഷായ്ക്ക് കഴിവുണ്ടെന്നും വോണ്‍ പറഞ്ഞു.

ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ ടെസ്റ്റില്‍ ചാനല്‍ 9ന് വേണ്ടി കമന്ററി പറയുന്നതിനിടെയായിരുന്നു വോണിന്റെ പരാമര്‍ശം. യാസിര്‍ ഷായ്ക്ക് ഏത് സാഹചര്യത്തിലും പന്തെറിയാനാവും. അദ്ദേഹത്തിന്റെ പന്തുകള്‍ അധികം ടേണ്‍ ചെയ്യില്ലായിരിക്കാം. പക്ഷെ പന്തുകളിലെ വ്യത്യസ്തതകൊണ്ട് യാസിര്‍ ഷായ്കക് ബാറ്റ്സ്മാനെ വീഴ്‌ത്താനാവും. കൃത്യതയാണ് യാസിര്‍ ഷായുടെ മറ്റൊരു മികവ്. മോശം പന്തുകള്‍ അധികമൊന്നും ഷായില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല-വോണ്‍ പറഞ്ഞു.

20 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള യാസിര്‍ ഷാ 27.89 ശരാശരിയില്‍ 116 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 43 ടെസ്റ്റില്‍ 24.22 ശരാശരിയില്‍ 247 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റു കൂടി നേടിയാല്‍ അശ്വിന് അധിവേഗം 250 വിക്കറ്റ് തികയ്ക്കുന്ന ബൗളറെന്ന റെക്കോര്‍ഡ് കുറിക്കാനാവും.