സിഡ്നി: പിറന്നാള്‍ ദിനത്തില്‍ നൂറ്റാണ്ടിലെ പന്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ചിരവൈരികളായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടിയ 1993ലെ ആഷസ് പരമ്പയിലായിരുന്നു വോണിന്‍റെ മാന്ത്രിക ബോള്‍ പിറന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഇംഗ്ലണ്ട് താരം മൈക്ക് ഗാറ്റിംഗിന്‍റെ ഓഫ് സ്റ്റംബ് പിഴുതെടുക്കയായിരുന്നു. 

യാദൃശ്ചികമായാണ് വിക്കറ്റ് നേടാനായതെന്നും അതിനാല്‍ പിന്നീടൊരിക്കലും അതാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും വോണ്‍ പറഞ്ഞു. എന്നാല്‍ ഗറ്റിംഗിന്‍റെ വിക്കറ്റ് തന്‍റെ കരിയറും ജീവിതവും മാറ്റിമറിച്ചതായി വോണ്‍ വെളിപ്പെടുത്തി. ലെഗ് സ്പിന്നര്‍മാര്‍ക്ക് മാതൃകയായ പന്ത് തനിക്കെറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്പിന്‍ മാന്ത്രികന്‍ പറഞ്ഞു. ഐസിസിയാണ് സ്പിന്‍ മാന്ത്രികന്‍ പിറന്നാളാശംസകള്‍ നേര്‍ന്ന് അഭിമുഖം ട്വിറ്ററില്‍ പങ്കുവെച്ചത്. 

മല്‍സരത്തില്‍ 137 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വോണ്‍ വീഴ്ത്തി മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയിരുന്നു. സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാനായതിന്‍റെ സന്തോഷം അഭിമുഖത്തില്‍ വോണ്‍ മറച്ചുവെച്ചില്ല. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകളുമായി റെക്കോര്‍ഡ് ബുക്കില്‍ മുത്തയ്യ മുരളീധരനു പിന്നില്‍ രണ്ടാമനാണ് ഷെയ്ന്‍ വോണ്‍.

Scroll to load tweet…