മാഡ്രിഡ്: ടെന്നിസ് കോര്‍ട്ടിനകത്തെ പോരാട്ടത്തിലും മരിയ ഷറപ്പോവയെ മലര്‍ത്തിയടിച്ച് യൂജീന്‍ ബൗഷാര്‍ഡ്. മാഡ്രിഡ് ഓപ്പണ്‍ രണ്ടാം റൗണ്ടിലാണ് ഷറപ്പോവയെ ബൗഷാര്‍ഡ് തോല്‍പ്പിച്ചത്. മൂന്നു സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ജയം. സ്‌കോര്‍ 7-5, 2-6, 6-4. അഞ്ച് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഷറപ്പോവയെ ആദ്യമായാണ് ബൗഷാര്‍ഡ് തോല്‍പ്പിക്കുന്നത്. ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങിയ ഷറപ്പോവയെ വഞ്ചകി എന്ന് വിളിച്ച ബൗഷാര്‍ഡ് റഷ്യന്‍ താരത്തിന് ആജീവനാന്തം വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബൗഷാര്‍ഡിന്റെ പ്രസ്താവനയ്ക്ക് ശേഷം ഇരുവരും തമ്മിലുളള ആദ്യ പോരാട്ടം കൂടിയായിരുന്നു മാഡ്രിഡിലേത്. തിരിച്ചുവരവില്‍ ആദ്യ കിരീടത്തിനായുള്ള ഷറപ്പോവയുടെ കാത്തിരിപ്പ് നീളുകയുമാണ്. ജര്‍മ്മന്‍ താരം ആഞ്ചലിക് കെര്‍ബര്‍
ആണ് ബൗഷാര്‍ഡിന്റെ അടുത്ത എതിരാളി.