ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതില്‍ പ്രതികരിക്കുകയാണ് താരം... 

ദില്ലി: ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെള്ളക്കുപ്പായത്തില്‍ അത്ര നല്ല ഫോമിലല്ല. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 18 അംഗ ടീമില്‍ നിന്ന് താരം പുറത്തായി. ധവാന്‍ ഇല്ലാതെയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറന്നത്. മൗനത്തിനൊടുവില്‍ ടീമില്‍ നിന്ന് പുറത്തായതില്‍ പ്രതികരിച്ചിരിക്കുകയാണ് ധവാന്‍.

ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതില്‍ ചെറിയ നിരാശയുണ്ട്. എന്നാല്‍ കാര്യങ്ങളെ പോസിറ്റീവായാണ് കാണുന്നത്. പരിശീലനം ആസ്വദിക്കാനും ഫിറ്റായിരിക്കാനും എനിക്ക് സമയം ലഭിക്കുന്നു. കാര്യങ്ങളെല്ലാം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണെന്നും ധവാന്‍ പറഞ്ഞു. ടീമിലില്ലെങ്കിലും ഓസ്‌ട്രേലിയില്‍ ഇന്ത്യന്‍ ടീമിന്‍റെ ജയസാധ്യതകളെക്കുറിച്ചും ധവാന്‍ മനസുതുറന്നു.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള സുവര്‍ണാസരമാണിത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്‌ച്ചവെക്കുന്നത്. സ്ഥിരത പുലര്‍ത്തിയാല്‍ ഓസ്‌ട്രേലിയയെ തോല്‍പിക്കാന്‍ മികച്ച അവസരമാണിതെന്നും ധവാന്‍ പറഞ്ഞു. അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറിനാണ് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.