ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനൊപ്പമോ അതിനേക്കാളോ വിലപ്പെട്ടതാണ് ശീഖര്‍ ധവാന് കുടുംബം. മുന്‍പ് പലപ്പോഴും കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി കളിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലും ധവാന്‍ തയാറായിട്ടുമുണ്ട്. അതൊക്കെ എന്തുകൊണ്ടാണെന്ന് ധവാന്‍ പങ്കുവെക്കാറുള്ള കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡ‍ിയോകളും തന്നെ തെളിവ്. ഏറ്റവും ഒടുവിലായി ധവാന്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

ന്യൂസിലന്‍ഡ‍ിനെതിരായ പൂനെ ഏകദിനത്തില്‍ മത്സരം തുടങ്ങും മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ ദേശീയഗാനം ആലപിക്കുന്ന രംഗം ടെലിവിഷനില്‍ കാണിക്കുമ്പോള്‍ മകന്‍ സരോവര്‍ ധവാനെ കണ്ട് അച്ഛന്‍...അച്ഛന്‍ എന്നുപറഞ്ഞ് തുള്ളിച്ചാടുന്ന വീഡിയോ ആണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്.

ധവാനെ കാണാന്‍ ടെലിവിഷനു മുമ്പില്‍ കാത്തിരുന്നശേഷം അച്ഛന്റെ മുഖം കാണിക്കുമ്പോള്‍ തിരിച്ചറിഞ്ഞ് തുള്ളിച്ചാടുന്ന സരോവറിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തു. 'സരോവര്‍ ഞാനെവിടെയാണെന്ന് അന്വേഷിക്കുന്നത് കണ്ടോ. എന്റെ പ്രാര്‍ത്ഥനയും സ്‌നേഹവും എന്നും എന്റെ കുഞ്ഞുങ്ങളോടൊപ്പമുണ്ടാവും' വീഡിയോക്കൊപ്പം ധവാന്‍ കുറിച്ചു.മത്സരത്തില്‍ ധവാന്‍ 68 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.