ഭുനേശ്വര്‍: ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എസ് എൽ നാരായണന് വെങ്കലം. ഭുവനേശ്വറിൽ നടന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് നാരായണന്റെ അഭിമാന നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ജൂനിയര്‍ തലത്തില്‍ മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവുമാണ്
നാരായണന്‍.
വിശ്വനാഥന്‍ ആനന്ദ്, ഹരികൃഷ്ണ, അഭിജീത് ഗുപ്ത എന്നിവരും മുമ്പ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടിയിട്ടുണ്ട്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് പേരും മെഡൽ നേടിയിട്ടുണ്ട്. കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മികച്ച പ്രകടനം തുടരാന്‍ ആത്മവിശ്വാസം നൽകുന്ന നേട്ടമാണിതെന്നും നാരായണന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ് മാസ്റ്ററാവുന്ന നാല്‍പതാമത്തെയും കേരളത്തിലെ രണ്ടാമത്തെയും താരം കൂടിയാണ് 19കാരനായ നാരായണന്‍. ജി.എന്‍. ഗോപാലാണ് കേരളത്തിലെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിട്ടുള്ള നാരായണന്‍ തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിയും സുനില്‍ദത്ത്-ലൈന ദമ്പതികളുടെ മകനുമാണ്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണ്.
