സിഡ്നി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് 68 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തപ്പോള്‍ കീവീസ് 44.2 ഓവറില്‍ 256 റണ്‍സിന് ഓള്‍ ഔട്ടായി. 114 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലും 49 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും മാത്രമെ കീവീസ് നിരയില്‍ പൊരുതിയുള്ളു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. 157 പന്തില്‍ 164 റണ്‍സെടുത്ത സ്മിത്ത് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പമെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ റിക്കി പോണ്ടിംഗും മുമ്പ് 164 റണ്‍സെടുത്തിട്ടുണ്ട്. 52 റണ്‍സെടുത്ത ടിം ഹെഡും 38 റണ്‍സെടുത്ത മാത്യു വെയ്ഡും ഓസീസ് സ്കോര്‍ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ തകര്‍ന്ന കീവീസിനെ മാര്‍ട്ടിന്‍ ഗപ്ടില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 34 റണ്‍സെടുത്ത നീഷാമും 49 റണ്‍സെടുത്ത മണ്‍റോയും 27 റണ്‍സുമായി ഹെന്‍റിയും പൊരുതിനോക്കിയെങ്കിലും ഓസീസ് സ്കോറിനടുത്തെത്താനായില്ല. ഓസീസിനായി ഹേസല്‍വുഡ് മൂന്നു വിക്കറ്റെടുത്തു.