മുംബൈ: ഇന്ത്യാ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്ത ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ കിടിലന്‍ മറുപടി. മൂന്നാം ദിനം അവസാന ഓവറുകളിലായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മോയിന്‍ അലി എറിഞ്ഞ പന്ത് ജയന്ത് യാദവിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകകളിലെത്തി.

ഔട്ടിനായി ഇംഗ്ലീഷ് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ബ്രൂസ് ഒക്സംഫോര്‍ഡ് ഇത് നിരസിച്ചു. എന്നാല്‍ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യുന്നതായി ഇംഗ്ലീഷ് നായകന്‍ കുക്ക് വ്യക്തമാക്കി. അപ്പോഴേക്കും ഇംഗ്ലണ്ടിന് അനുവദിച്ച രണ്ട് റിവ്യൂകളും അവര്‍ ഉപയോഗിച്ചിരുന്നു. ഇത് മറന്നാണ് കുക്ക് അമ്പയറുടെ തീരുമാനം റിവ്യു ചെയ്യുന്നതായി കാണിച്ചത്.

മറുവശത്തുനിന്ന് ഇതിനെ കളിയാക്കിയ ഇന്ത്യന്‍ നായകന്‍ കൊഹ്‌‌ലി ഇംഗ്ലണ്ടിന്റെ രണ്ട് റിവ്യൂകളും തീര്‍ന്നുപോയെന്ന് ഇംഗ്ലീഷ് നായകനെ ഓര്‍മിപ്പിക്കുകയും ചെയ്തു. റീപ്ലേകളില്‍ പന്ത് ജയന്ത് യാദവിന്റെ ബാറ്റിലുരസിയതായിവ്യക്തമായിരുന്നു. എന്നാല്‍ റിവ്യൂ തീര്‍ന്നുപോയതിനാല്‍ ഇംഗ്ലണ്ടിന് നഷ്ടമായത് വിലപ്പെട്ട വിക്കറ്റും.