കൊച്ചി: ഐഎസ്എല്‍ ഫൈനലില്‍ ഞായറാഴ്ച കലാശപ്പോരിന് വിസില്‍ മുഴുങ്ങുമ്പോള്‍ ഒരു കാലത്ത് രാജ്യത്തിന് വേണ്ടി ഒരുമിച്ച് പാഡണിഞ്ഞ സച്ചിനും ഗാംഗുലിയും പരസ്‌പരം പോരടിക്കാന്‍ സ്റ്റേഡിയത്തിലുണ്ടാവും. കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ ഈ വമ്പന്‍മാര്‍ തമ്മിലെ പോരാട്ടം കൂടിയായി ഇത് മാറുന്നു. ഒരു കാലത്ത് ഇന്ത്യന്‍ ഓപ്പണിംഗിന്റെ കരുത്തായി ഒരുമിച്ച് പയറ്റിത്തെളിഞ്ഞവരെന്നതിന് പുറമെ കളിക്കളത്തിന് പുറത്തും ഉറ്റ സുഹൃത്തുക്കളാണിരുവരും. ഇരുവരും നാളെ ഉച്ചയോടെ സ്റ്റേഡിയത്തിലെത്തും.
കളത്തിലെ പോര് ആരംഭിക്കുന്നതിന് മുമ്പേ ഗാംഗുലി വാക്കുകൊണ്ടുള്ള ഗോളടി തുടങ്ങിയിട്ടുണ്ട്. ഫൈനലില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് സച്ചിനെ ഞാന്‍ ഒരിക്കല്‍ കൂടി കീഴടക്കുമെന്നായിരുന്നു ഗാംഗുലിയുടെ തമാശകലര്‍ന്ന മറുപടി. ഐഎസ്എല്ലില്‍ മുംബൈയ്ക്കെതിരായ കൊല്‍ക്കത്തയുടെ രണ്ടാംപാദ സെമിയില്‍ സ്വന്തം ടീം അംഗങ്ങളെ തിരിച്ചറിയാന്‍ വൈകിയെന്നും ഗാംഗുലി പറഞ്ഞു. രണ്ടാം പാദ സെമിയില്‍ അത്‌ലറ്റിക്കോ കോച്ച് ജോസ് മൊളീന ആദ്യ സെമി കളിച്ച ടീമില്‍ ഒമ്പത് മാറ്റങ്ങളുമായാണ് ടീമിനെ ഗ്രൗണ്ടിലിറക്കിയത്.
ഐഎസ്എല്ലില്‍ ഇതുവരെ ഏഴു തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമെ ബ്ലാസ്റ്റേഴ്സിന് കൊല്‍ക്കത്തയെ കീഴടക്കാനായിട്ടുള്ളു. കഴിഞ്ഞ മൂന്ന് സീസണിലും സെമി കളിച്ച ഏക ടീമെന്ന ഖ്യാതിയും കൊല്‍ക്കത്തയ്ക്ക് സ്വന്തമാണ്.
