കരിയറിന്‍റെ തുടക്കത്തില്‍ മധ്യനിര ബാറ്റ്സ്മാനായിരുന്നു വീരു

കൊല്‍ക്കത്ത: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് വീരേന്ദര്‍ സെവാഗ്. ദേശീയ ടീമില്‍ ബാറ്റിംഗില്‍ നാലാമനായാണ് സെവാഗ് കരിയര്‍ തുടങ്ങിയത്. എന്നാല്‍ ക്രിക്കറ്റ് വിദഗ്ധരെ പോലും അമ്പരിപ്പിച്ച് നായകന്‍ സൗരവ് ഗാംഗുലി ഓപ്പണറായി സെവാഗിനെ ഇറക്കി. ദാദയുടെ നീക്കം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വെടിക്കെട്ട് ഓപ്പണര്‍മാരില്‍ ഒരാളുടെ പിറവിയിലാണ് ചെന്നെത്തിയത്. 

ഓപ്പണര്‍ ആയില്ലായിരുന്നെങ്കില്‍ മികച്ച ബാറ്റ്സ്മാനായി വീരേന്ദര്‍ സെവാഗ് പേരെടുക്കില്ലായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗാംഗുലി. 2002ല്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് സെവാഗ് അപ്രതീക്ഷിതമായി ഇന്ത്യന്‍ ഓപ്പണറായത്. കരിയറില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത സെവാഗ് ലോകത്തെ അപകടകാരിയായ ബാറ്റ്സ്മാനായി പേരെടുത്തു. 

ഓസീസ് ടീമില്‍ മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറും ഓപ്പണറായതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ദാദ പറയുന്നു. ദേശീയ കുപ്പായത്തില്‍ 104 ടെസ്റ്റില്‍ 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സുമെടുത്തിട്ടുണ്ട് വീരു. ടെസ്റ്റില്‍ രണ്ട് ട്രിപ്പില്‍ സെഞ്ചുറിയുള്ള ഏക ഇന്ത്യന്‍ താരമായ സെവാഗ് ഏകദിനത്തില്‍ ഒരു ഇരട്ട സെഞ്ചുറിയും നേടിയിട്ടുണ്ട്.