ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ മോശം ബൗളിംഗിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട സ്പിന്നര്‍ ആര്‍ അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ അക്ഷമനായാണ് ബൗള്‍ ചെയ്തതെന്ന് ഗാംഗുലി പറഞ്ഞു. ഒരോവറില്‍ തന്നെ ആറ് വ്യത്യസ്ത പന്തുകളെറിഞ്ഞത് ഇതിന് തെളിവാണ്.

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ മോശം ബൗളിംഗിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട സ്പിന്നര്‍ ആര്‍ അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ അക്ഷമനായാണ് ബൗള്‍ ചെയ്തതെന്ന് ഗാംഗുലി പറഞ്ഞു. ഒരോവറില്‍ തന്നെ ആറ് വ്യത്യസ്ത പന്തുകളെറിഞ്ഞത് ഇതിന് തെളിവാണ്. ഇഷാന്ത് ശര്‍മ ബൗള്‍ ചെയ്തപ്പോള്‍ പിച്ചിലുണ്ടായ ആനുകൂല്യം മുതലെടുക്കാന്‍ അശ്വിനായില്ല. എന്നാല്‍ ഇംഗ്ലീഷ് സ്പിന്നറായ മോയിന്‍ അലി ഇത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തുവെന്നും ഗാംഗുലി പറഞ്ഞു.

എന്തിനാണ് അശ്വിനിത്ര അക്ഷമനവുന്നതെന്ന് അറിയില്ല. ഇക്കാര്യത്തെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോലി അശ്വിനോട് സംസാരിക്കണം. ഒരോവറില്‍ ആറ് വ്യത്യസ്ത പന്തുകളൊക്കെയാണ് അശ്വിനെറിഞ്ഞത്. കഴിവുവെച്ചു നോക്കിയാല്‍ മോയിന്‍ അലി അശ്വിന്റെ അടുത്തൊന്നും എത്തില്ല. അതുമാത്രമല്ല, അലിയേക്കാള്‍ രണ്ട് മടങ്ങെങ്കിലും മികച്ചവനാണ് അശ്വിന്‍. എന്നാല്‍ അലിയുടെ ബൗളിംഗ് വളരെ ലളിതമായിരുന്നു.

പേസ് ബൗളര്‍മാരുടെ റണ്ണപ്പ് മൂലം പിച്ചിലുണ്ടായ വിടവുകള്‍ ഫലപ്രദമായി ഉപയോഗിക്കുക.അതേസമയം, അശ്വിന്‍ ദൂസ്‌രയും ലെഗ് സ്പിന്നും റോംഗ് വണ്ണും അടക്കം പരീക്ഷിച്ച് പരാജയപ്പെടുകയും ചെയ്തുവെന്നും ഗാംഗുലി ഇന്ത്യാ ടിവിയോട് പറഞ്ഞു. നേരത്തെ അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു.ഇന്ത്യ പരമ്പര അടിയറവ് വെയ്ക്കാന്‍ കാരണം അശ്വിനാണെന്ന് ഹര്‍ഭജന്‍ ആരോപിച്ചിരുന്നു. നിര്‍ണായകമായ സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ ഫോമിലേക്ക് ഉയരാതെ പോയതാണ് ഇന്ത്യ തോല്‍ക്കാനും അതുവഴി പരമ്പര നഷ്ടമാവാനും കാരണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു