മുംബൈ: ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ ഇന്നലെ ചേര്‍ന്ന ബിസിസിഐ ഉപദേശക സമിതി യോഗത്തില്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മില്‍ ശക്തമായ വാക്പോര് നടന്നുവെന്ന് റിപ്പോര്‍ട്ട്. രവി ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി തെരഞ്ഞെടുക്കണമെന്ന സച്ചിന്റെ നിലപാടും ഇതിനെതിരെ ഗാംഗുലി നിലപാടെടുത്തുമാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിന് കാരണമായതെന്ന് ഇന്ത്യന്‍ എക്സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉപദേശക സമിതിയെ മൂന്നാമത്തെ അംഗമായ വിവിഎസ് ലക്ഷ്മണിന്റെ ഇടപെടലാണ് ഒടുവില്‍ മഞ്ഞുരുകാന്‍ കാരണമായതെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞവര്‍ഷവും കോച്ചിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ശാസ്ത്രിക്കായി സച്ചിനും ടോം മൂഡിക്കായി ഗാംഗുലിയും രംഗത്തെത്തിയിരുന്നു. ഒടുവില്‍ കുംബ്ലെയുടെ പേര് നിര്‍ദേശിച്ചത് ലക്ഷ്മണായിരുന്നു. ഇതിന് സമാനമായ തര്‍ക്കമാണ് ഇന്നലെയും ഉണ്ടായത്. ലണ്ടനിലുള്ള ശാസ്ത്രി സ്കൈപ്പ് വഴിയാണ് ഇത്തവണയും അഭിമുഖത്തില്‍ പങ്കെടുത്തത്. സെവാഗ് ആകട്ടെ നേരിട്ടെത്തി. കഴിഞ്ഞവര്‍ഷവും സ്കൈപ്പ് വഴി അഭിമുഖത്തില്‍ പങ്കെടുത്ത ശാസ്ത്രിയുടെ നിലപാടിനെ ഗാംഗുലി പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത്തവണ നല്ല തയാറെടുപ്പോടെയാണ് ശാസ്ത്രി അഭിമുഖത്തിനെത്തിയത്.
അഭിമുഖത്തിനിടെ ഗാംഗുലി ഉന്നയിച്ച എല്ലാം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ശാസ്ത്രി കൃത്യമായ മറുപടി നല്‍കി. എന്നാല്‍ ശാസ്ത്രിയുടെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ ആരായിരിക്കണമെന്ന് അദ്ദേഹത്തിന് നിശ്ചയിക്കാനാവില്ലെന്ന് ഗാംഗുലി അഭിമുഖത്തിനിടെ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കണമെന്ന് യോഗത്തില്‍ സച്ചിന്‍ വ്യക്തമാക്കിയെങ്കിലും ഗാംഗുലി ഇതിനെ എതിര്‍ത്തു. ഒടുവില്‍ ക്യാപ്റ്റന്‍ കോലിയുടെ കൂടെ അഭിപ്രായം അറിഞ്ഞശേഷം തീരുമാനം മതിയെന്ന ഗാംഗുലിയുടെ നിലപാട് വിജയിക്കുകയും ചെയ്തു. എന്നാല്‍ കോച്ചായി ശാസ്ത്രിയെ തെരഞ്ഞെടുത്ത തീരുമാനം സച്ചിന് വ്യക്തിപരമായി വിജയമാവുകയും ചെയ്തു.
