ഇന്ത്യ ഭയന്നപോലെ അമിത ബൗണ്‍സില്ലാത്ത പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരയ്‌ക്ക് മികച്ച തുടക്കം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്സ് പാര്‍ക്കിൽ ദക്ഷിണാഫ്രിക്ക ഒടുവിൽ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 236 റണ്‍സെന്ന നിലയിലാണ്. 94 റണ്‍സെടുത്ത അയ്ഡൻ മര്‍ക്രാമും പുറത്താകാതെ 77 റണ്‍സെടുത്തിട്ടുള്ള ഹാഷിം ആംലയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഡിവില്ലിയേഴ്‌സ് 20 റണ്‍സെടുത്ത് പുറത്തായി. എട്ടു റണ്‍സോടെ നായകൻ ഡുപ്ലെസിസാണ് ആംലയ്‌ക്ക് കൂട്ട്. ഇന്ത്യയ്‌ക്കുവേണ്ടി അശ്വിൻ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഇഷാന്ത് ഒരു വിക്കറ്റ് വീഴ്ത്തി.
ഒന്നാം വിക്കറ്റിൽ ഡീൻ എൽഗാറും മര്‍ക്രാമും ചേര്‍ന്ന് 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എൽഗാര്‍ 31 റണ്‍സെടുത്ത് പുറത്തായി. അശ്വിനാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. സില്ലി പോയിന്റിൽ മുരളി വിജയ് പിടിച്ചാണ് എൽഗാര്‍ പുറത്തായത്. പിന്നീടെത്തിയ ആംലയും ആത്മവിശ്വാസത്തോടെ ബാറ്റുവീശിയതോടെ ഇന്ത്യൻ ബൗളര്‍മാര്‍ പ്രതിരോധത്തിലായി. സെഞ്ച്വറിയിലേക്ക് നീങ്ങിയ മര്‍ക്രാമിനെ അശ്വിൻ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു 150 പന്തിൽ 15 ബൗണ്ടറി ഉള്‍പ്പടെയാണ് മര്‍ക്രാം 94 റണ്‍സെടുത്തത്. പിച്ചിൽനിന്ന് ലഭിച്ച ടേണ്‍ മുതലെടുത്ത അശ്വിൻ മികച്ച രീതിയിലാണ് ബൗള്‍ ചെയ്തു തുടങ്ങിയത്. പിന്നീടെത്തിയ ഡിവില്ലിയേഴ്‌സിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 20 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ഇഷാന്ത് ബൗള്‍ഡാക്കുകയായിരുന്നു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത്. ശിഖര്‍ ധവാന് പകരം കെ എൽ രാഹുലും, വൃദ്ധിമാൻ സാഹയ്‌ക്ക് പകരം പാര്‍ത്ഥിവ് പട്ടേലും ഭുവനേശ്വര്‍കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയും ടീമിലെത്തി.
