വാണ്ടറേഴ്സ്: അവസാന ടെസ്റ്റില്‍ അഭിമാന ജയത്തിനായി പന്തെറിയുന്ന ഇന്ത്യക്ക് സന്തോഷവാര്‍ത്ത. വാണ്ടറേഴ്സ് ടെസ്റ്റില്‍ അപകടകരമായ രീതിയില്‍ പന്ത് കുത്തി ഉയരുന്ന സാഹചര്യത്തില്‍ മൂന്നാം ദിനം നേരത്തെ നിര്‍ത്തിയ കളി നാലാം ദിനം തുടരും. കളി തുടരാന്‍ ഇരുടീമിലെയും ക്യാപ്റ്റന്‍മാര്‍ തമ്മില്‍ തത്വത്തില്‍ ധാരണയായി. മൂന്നാം ദിനം ജസ്പ്രീത് ബൂമ്രയുടെ പന്ത് ഹെല്‍മെറ്റില്‍ ഇടിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീല്‍ എല്‍ഗാറിന് പരിക്കേറ്റ സാഹചര്യത്തിലാണ് അമ്പയര്‍മാര്‍ കളി നിര്‍ത്തിവെച്ചത്.
പിന്നീട് ഇരുക്യാപ്റ്റന്‍മാരുമായും മാച്ച് റഫറിയുമായും ഓണ്‍ഫീല്‍ അമ്പയര്‍മാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പിച്ചില്‍ അപ്രതീക്ഷിത ബൗണ്‍സുണ്ടെങ്കിലും കളി തുടരാന്‍ ഇരുടീമുകളും സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നാലാം ദിനം മത്സരം തുടരാന്‍ തീരുമാനമായത്. പരമ്പരയില്‍ 3-0ന്റെ സമ്പൂബര്‍ണ തോല്‍വി ഒഴിവാക്കാനിറങ്ങുന്ന ഇന്ത്യ വിജയപ്രതീക്ഷയിലാണ്.
അപ്രതീക്ഷിതമായി പന്ത് കുത്തി ഉയരുന്ന പിച്ചില്‍ 240 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. അതിജീവനം അതികഠിനമായ പിച്ചില്‍ ഈ ലക്ഷ്യം പിന്തുടരുക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തില്‍ ആശ്വാസജയം നേടാമെന്ന പ്രതീക്ഷ ഇന്ത്യക്കുണ്ട്. ആദ്യ രണ്ട് ദിനങ്ങളിലേതിനേക്കാള്‍ മോശമായിരുന്നു മൂന്നാം ദിനം പിച്ചിന്റെ അവസ്ഥ. ഇന്ത്യന്‍ ബൗളര്‍മാരുടെ പലപന്തുകളും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരായ ഹാഷിം അംലയെയും ഡീല്‍ എല്‍ഗാറിനെയും വിറപ്പിച്ചിരുന്നു.
