സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.
ബുലവായോ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 90 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടി തനാക ചിവാങ്കയാണ് സന്ദര്‍ശകരെ തകര്‍ത്തത്. ലുവാന്‍ ഡ്രി പ്രിറ്റോറ്യൂസ് (44), ഡിവാള്‍ഡ് ബ്രേവിസ് (10) എന്നിവരാണ് ക്രീസില്‍. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിച്ച പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. തെംബ ബാവുമയ്ക്ക് പകരം കേശവ് മഹാരാജാണ് ടീമിനെ നയിക്കുന്നത്.
ആറാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ടോണി ഡി സോര്‍സിയെ (0) ചിവാങ്ക മടക്കി. സഹ ഓപ്പണര്‍ മാത്യൂ ബ്രീറ്റ്‌സ്‌കെയും (13) നിരാശപ്പെടുത്തി. ഡേവിഡ് ബെഡിംഗ്ഹാം പൂജ്യത്തിനും വിയാന്‍ മള്‍ഡര്‍ 13 റണ്‍സെടുത്തും പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച പൂര്‍ണമായി. ഈ ഘട്ടത്തില്‍ നാലിന് 55 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് പ്രിറ്റോറ്യൂസ് - ബ്രേവിസ് സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റാണ് ഇപ്പോള്‍ നടക്കുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സിംബാബ്‌വെ: ബ്രയാന്‍ ബെന്നറ്റ്, തകുദ്‌സ്വനാഷെ കൈറ്റാനോ, നിക്ക് വെല്‍ച്ച്, സീന്‍ വില്യംസ്, ക്രെയ്ഗ് എര്‍വിന്‍ (ക്യാപ്റ്റന്‍), വെസ്ലി മാധെവെരെ, തഫദ്‌സ്വ സിഗ (വിക്കറ്റ് കീപ്പര്‍), വെല്ലിംഗ്ടണ്‍ മസകാഡ്‌സ, വിന്‍സെന്റ് മസെകെസ, ബ്ലെസിംഗ് മുസരബാനി, തനക ചിവാങ്ക.
ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, മാത്യു ബ്രീറ്റ്സ്‌കെ, വിയാന്‍ മള്‍ഡര്‍, ഡേവിഡ് ബെഡിംഗ്ഹാം, ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡെവാള്‍ഡ് ബ്രെവിസ്, കൈല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), കോഡി യൂസഫ്, ക്വേന മഫാക.

