10.4 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തിയത്.

ഡര്‍ബന്‍: ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകളില്‍ നാണംകെട്ട ദക്ഷിണാഫ്രിക്കയെ മറ്റൊരു തോല്‍വി കൂടി തുറിച്ചുനോക്കുന്നു. ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായ ദക്ഷിണാഫ്രിക്ക ഓസീസിന് 189 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. നേരത്തെ ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ 351 റണ്‍സടിച്ചിരുന്നു. 71 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് മാത്രമെ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതിയുള്ളു. 32 റണ്‍സെടുത്ത മാര്‍ക്രമും 20 റണ്‍സെടുത്ത ഡീകോക്കും 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു.

10.4 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 27 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്‌ത്തി നേഥന്‍ ലിയോണ്‍ ആണ് ഓസീസ് തിരിച്ചടി തുടങ്ങിവെച്ചത്. ഡീന്‍ എല്‍ഗാര്‍(7), ഹാഷിം അംല(0) എന്നിവരാണ് ലിയോണിന് മുന്നില്‍ മുട്ടുകുത്തിയത്. ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടായതോടെ രണ്ടാം ദിവസത്തെ കളി അവസാനിച്ചു.

നേരത്തെ 225/5 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങി ഓസീസിനെ 96 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റെ ഇന്നിംഗ്സാണ് 350 കടത്തിയത്. ഷോണ്‍ മാര്‍ഷ്(40), ടിം പെയ്ന്‍(25), മിച്ചല്‍ സ്റ്റാര്‍ക്ക്(35), എന്നിവരും മാര്‍ഷിന് പിന്തുണ നല്‍കി. വിടവാങ്ങല്ഡ പരമ്പര കളിക്കുന്ന മോണി മോര്‍ക്കലിന് വിക്കറ്റൊന്നും ലഭിക്കാതിരുന്നപ്പോള്‍ കേശവ് മഹാരാജ് അഞ്ചു വിക്കറ്റെടുത്തു. ഫിലാ‍ന്‍ഡര്‍ മൂന്നും റബാദ രണ്ടും വിക്കറ്റ് വീഴ്‌ത്തി. നാലു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.