സെഞ്ചൂറിയന്‍: സെഞ്ചൂറിയനിലും സെഞ്ചുറി അടിച്ച് ടീമിനെ ജയിപ്പിച്ച ക്യാപ്റ്റന്‍ വിരാട് കോലി സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. പിന്നിലാക്കിയതാകട്ടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെയും. സച്ചിനുശേഷം ഒരു ഏകദിന പരമ്പരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കിയ കോലി ഒരു കലണ്ടര്‍ വര്‍ഷം 47 ദിവസം കൊണ്ട് 500 റണ്‍സ് പിന്നിട്ട് സച്ചിനെ പിന്നിലാക്കുകയും ചെയ്തു. 2003ല്‍ 69 ദിവസം കൊണ്ട് 500 റണ്‍സ് പിന്നിട്ട സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
കരിയറില്‍ 28-ാം തവണ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട കോലി ഈ നേട്ടത്തില്‍ ഇനി സച്ചിനും ഗാംഗുലിക്കും മാത്രം പുറകിലാണ്. 35-ാം ഏകദിന സെഞ്ചുറി തികച്ച കോലിക്ക് മുന്നില്‍ ഇനി സച്ചിന്‍ മാത്രമാണുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ പതിമൂന്നാം ഏകദിന സെഞ്ചുറി തികച്ച കോലി ഈ നേട്ടത്തില്‍ രണ്ടാമതാണിപ്പോള്‍. വിദേശ പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡും കോലിയുടെ പേരിലായി.
208 മത്സരങ്ങളില്‍ നിന്ന് 100 ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കിയ കോലി അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. ആറാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ടാക്കിയ ഇന്ത്യ ഒരു പരമ്പരയില്‍ നാലു തവണ ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ടാക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2003-2004നുശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് ടീമുകളുടെ ഏകദിന പരമ്പരയില്‍ 50ല്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാവുന്നത്.
പരമ്പരയിലാകെ 33 വിക്കറ്റുകള്‍ സ്വന്തമാക്കിയ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും രണ്ട് ടീമുകളുടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന സ്പിന്നര്‍മാരെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
