ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കൻ ടീമിലെ വര്‍ണവിവേചനത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മഖായ എൻടിനിയെപോലെയുള്ളവര്‍ ഇക്കാര്യത്തെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ ടീമിൽ ഇപ്പോഴും വര്‍ണവിവേചനം നിലനിര്‍ക്കുന്നുണ്ടെന്ന സൂചന നൽകുന്ന ചിത്രമാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയശേഷം ട്രോഫിയുമായി പോസ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിലാണ് വെള്ളക്കാരും അല്ലാത്തവരും തമ്മിലുള്ള വിവേചനം സോഷ്യൽമീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഫോട്ടോയുമായി നിൽക്കുന്ന നായകൻ ഫാഫ് ഡുപ്ലെസിസിന്റെ വലതുവശത്ത് എൽഗര്‍, മോണെ മോര്‍ക്കൽ, എബി ഡിവില്ലിയേഴ്‌സ്, ഡേൽ സ്റ്റെയ്ൻ, എയ്ഡൻ മര്‍ക്രം, ഡിവന്നെ ഒളിവര്‍, ക്രിസ് മോറിസ്, ക്വിന്റൻ ഡികോക്ക് എന്നിവര്‍ അണിനിരന്നപ്പോള്‍ ടീമിലെ നീഗ്രോ-ഏഷ്യൻ വംശജരായ ഹാഷിം ആംല, ആന്‍ഡിലെ ഫെലുക്വായോ, ലുങ്കി എങ്കിഡി, കാഗിസോ റബാഡ, വെര്‍നോൻ ഫിലാൻഡര്‍, കേശവ് മഹാരാജ്, എന്നിവര്‍ ഇടതുവശത്താണ് നിന്നത്.

1948 മുതൽ 1991 വരെ അതിരൂക്ഷമായ വര്‍ണവിവേചന പ്രശ്‌നം അഭിമുഖീകരിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. കറുത്തവര്‍ഗക്കാര്‍ നേരിട്ട അവഗണനയ്‌ക്കെതിരെ പോരാടിയ നെൽസൻ മണ്ടേല ഇക്കാര്യത്തിൽ ഒരുപരിധിവരെ വിജയം നേടുകയും ചെയ്തു. എന്നാൽ വര്‍ണവിവേചനത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ദക്ഷിണാഫ്രിക്കയിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ ബാക്കിപത്രം ക്രിക്കറ്റ് ഉള്‍പ്പടെയുള്ള മറ്റു സ്‌പോര്‍ട്സിലും തുടരുന്നുണ്ട്.

നേരത്തെ വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ കറുത്തവംശജനായ കാഗിസോ റബാഡയുടെ നെറ്റിയിൽ ചുംബിക്കുന്ന നായകൻ ഫാഫ് ഡുപ്ലെസിസിന്റെ ചിത്രം വൈറലായിരുന്നു. ടീമിൽ വര്‍ണവിവേചനമില്ലെന്ന പ്രചരണത്തിന് ഈ ചിത്രം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ പുതിയ ഗ്രൂപ്പ് ഫോട്ടോ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ വര്‍ണവിവേചനത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.