ദില്ലി: പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് പരമ്പര കളിക്കില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. പാകിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത് നിര്‍ത്താതെ, അവരുമായി ക്രിക്കറ്റ് കളിക്കാനാകില്ല. ഇന്ത്യ-പാകിസ്ഥാന്‍ പരമ്പര പുനഃസ്ഥാപിക്കുന്നതിനായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളിലെയും ബോര്‍ഡുകളും ചര്‍ച്ചകള്‍ നത്തിവരികയായിരുന്നു. ഇതിനിടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതും, സൈനിക ക്യാംപ് ആക്രമണങ്ങളും കാരണമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ സഹായം നല്‍കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കായികമേഖലയില്‍ ഉള്‍പ്പടെ ഒരു ബന്ധവും സാധ്യമല്ലെന്ന് കേന്ദ്രകായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി. 2014ല്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ദുബായില്‍വെച്ച് നടത്താമെന്ന് ഇരു ബോര്‍ഡുകളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നില്ല. കേന്ദ്രമന്ത്രിയുടെ നിലപാട് പുറത്തുവന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാന്‍ ഇനിയും വൈകുമെന്ന് ഉറപ്പായി.