ദില്ലി: ഫിറോസ് ഷാ കോട്‌ലയില്‍ പുകമഞ്ഞ് വിവാദം പടരുന്നതിനിടെ ഗ്രൗണ്ടില്‍ ചര്‍ദിച്ച് ശ്രീലങ്കന്‍ താരം ലക്‌മല്‍. നാലാം ദിനം ഇന്ത്യന്‍ ഇന്നിംഗ്സ് ആരംഭിച്ച് ആറാം ഓവറിലാണ് ലക്മലിന് അസ്വസ്തതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് തളര്‍ച്ച പ്രകടിപ്പിച്ച ലങ്കന്‍ പേസര്‍ ചര്‍ദിക്കുകയായിരുന്നു. ഉടന്‍ ഓടിയെത്തിയ ഫിസിയോ പരിശോധനക്കു ശേഷം താരവുമായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. 

ടെസ്റ്റിന്‍റെ ഒന്നാം ദിനം ശ്രീലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിച്ച് കളിക്കാനിറങ്ങിയിരുന്നു. പലതവണ ഫിസിയോയുടെ സഹായം തേടിയ ശ്രീലങ്കന്‍ താരങ്ങള്‍ അംപയറോട് കളിക്കാന്‍ പ്രയാസപ്പെടുന്നതായി സൂചിപ്പിച്ചു. എന്നാല്‍ ഇത് ശ്രീലങ്കന്‍ താരങ്ങളുടെ നാടകമാണെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം. ബാറ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് ലങ്കന്‍ താരങ്ങള്‍ മുഖാവരണം ധരിക്കുന്നില്ലെന്ന ചോദ്യവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ ഗാംഗുലിയും രംഗത്തെത്തി. 

കനത്ത അന്തരീക്ഷ മലിനീകരണം നിലനില്‍ക്കുന്ന സമയത്ത് ദില്ലിയില്‍ മത്സരം സംഘടിപ്പിച്ച ബിസിസിഐയെ വിമര്‍ശിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ നാടകം കളിക്കുകയാണെന്ന നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നു. എന്നാല്‍ ഇന്നത്തെ സംഭവത്തോടെ മത്സരം ഉപേഷിക്കാന്‍ ബിസിസിഐയ്ക്കു മേല്‍ സമ്മര്‍ദം വരുമെന്നുറപ്പാണ്.